xl
പ്രധാന റോഡായ വവ്വക്കാവ് മണപ്പള്ളി റോഡിന് ഇരുവശവും കാട്കയറിയ നിലയിൽ ഇരുവശവും

തഴവ: റോഡരികുകൾ വൻതോതിൽ കാടും പട‌ർപ്പും നിറഞ്ഞിരിക്കുന്നു. വലിയ വാഹനങ്ങൾ വരുമ്പോൾ മാറി നിൽക്കാനിടമില്ലാതെ ഭയന്ന് സഞ്ചരിക്കേണ്ട ഗതികേടിലാണ് യാത്രക്കാർ. വഴിയോരത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങളും യാത്രക്കാരെ വലയ്ക്കുകയാണ്. ദു‌ർഗന്ധം കാരണം മൂക്കുപൊത്താതെ നടക്കാനാവാത്ത അവസ്ഥ. കുലശേഖരപുരം ,തഴവ ,ഒച്ചിറയുൾപ്പടെ ഭൂരിഭാഗം പ്രദേശത്തെയും പ്രധാന റോഡുകളുടെയും ചെറു റോഡുകളുടെയും അവസ്ഥ ഈവിധം പരിതാപകരമാണ്.

തെരുവുനായ്ക്കളും ഇഴജന്തുക്കളും

റോഡിലെ കാടുകാരണം വാഹനങ്ങൾ കടന്നുവരുന്നത് കാണാനാവാത്ത സ്ഥിതിയുമുണ്ട്. കൂടാതെ അനധികൃത ഇറച്ചി വിൽപ്പനശാലകൾ ,ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്ന് രാത്രിയിൽ മാലിന്യം തള്ളുന്നതും ഈ കാടുകളിലായതോടെ തെരുവുനായകളുടെ ശല്യവും ഏറിയിട്ടുണ്ട്. ഇഴജന്തുക്കളുടെ ശല്യവും കുറവല്ല. റോഡ് വശങ്ങൾ വെട്ടിത്തെളിച്ച് വൃത്തിയാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.

തൊഴിലുറപ്പിനും കടിഞ്ഞാൺ

മുമ്പൊക്കെ റോഡ് വശങ്ങൾ വെട്ടി വൃത്തിയാക്കുന്നതിന് സർക്കാർ തലത്തിൽ തന്നെ സ്ഥിരം സംവിധാനങ്ങൾ ഉണ്ടായിരുന്നെങ്കിലും നിലവിൽ യാതൊരു പദ്ധതികളുമില്ലാത്ത അവസ്ഥയാണ്. സമീപ കാലം വരെ തൊഴിലുറപ്പ് തൊഴിലാളികളുടെ സേവനം ഉപയോഗപ്പെടുത്തി ദേശീയപാത ഉൾപ്പടെയുള്ള പ്രധാന റോഡുകൾക്കിരുവശവും വൃത്തിയാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാർ ഇവരുടെ പ്രവർത്തന മാർഗ്ഗരേഖയിൽ നിന്ന് പൊതു പ്രയോജനപ്രദമായ പല ജോലികളും ഒഴിവാക്കിയത് അധികൃതരെ പ്രതിസന്ധിയിലാക്കി. . ജനപ്രതിനിധികളും പഞ്ചായത്ത് അധികൃതരും തൊഴിലുറപ്പ് തൊഴിലാളികളുമായി നടത്തുന്ന ധാരണയുടെ അടിസ്ഥാനത്തിൽ കുലശേഖരപുരം പഞ്ചായത്തിൽ ഒരു മസ്ട്രോൾ പ്രവർത്തനത്തിൽ രണ്ട് ദിവസം പൊതുവഴിയോരങ്ങൾ വൃത്തിയാക്കുന്നതിനായി ഉപയോഗിച്ചിരുന്നെങ്കിലും തൊഴിലുറപ്പിൽ ഓൺലൈൻ ഹാജർ സംവിധാനം വന്നതോടെ അതിനും നിവൃത്തിയില്ലാതായി. തൊഴിലാളികൾ, തൊഴിൽ സ്ഥലം എന്നിവയുടെ ഫോട്ടോ, പ്രവൃത്തിയുടെ പേര് എന്നിവ ജോലി തുടങ്ങുന്നതിന് മുൻപ് ഓൺലൈനായി രജിസ്റ്റർ ചെയ്യണമെന്നാണ് തൊഴിലുറപ്പിലെ പുതിയ വ്യവസ്ഥ. കൂടാതെ തൊഴിൽ സ്ഥലങ്ങളിൽ സോഷ്യൽ ഓഡിറ്റ് ടീം പരിശോധന കർശനമാക്കിയതും പൊതു ആവശ്യത്തിന് തൊഴിലാളികളെ ഉപയോഗിക്കുന്നതിന് തടസമായി.

റോഡുകളുടെ പുനർനിർമ്മാണത്തിന് എന്നത് പോലെ തന്നെ പശ്ചാത്തല സംരക്ഷണവും സുരക്ഷയും ഒരുക്കുന്നതിന് സർക്കാരിന് ബാധ്യതയുണ്ട്. ദേശീയപാതയുടെ മുതൽ പഞ്ചായത്തുകളിലെ ഉൾനാടൻ റോഡുകളിൽ ഉൾപ്പടെ ഇരുവശവും കാടുകയറുന്നത് വലിയ അപകട ഭീഷണിയായിരിക്കുകയാണ്. ഇത് ഒഴിവാക്കുവാൻ അടിയന്തര നടപടി വേണം.

സലീം അമ്പീത്തറ ,

മുൻ ഗ്രാമ പഞ്ചായത്ത് അംഗം ,

തഴവ