കൊല്ലം: അയണിവേലിക്കുളങ്ങര പൂർണമായും ഖനനത്തിന് ഏറ്റെടുക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ഐ.ആർ.ഇ അധികൃതർ.

ആകെ 1400 ഹെക്ടർ വിസ്തീർണമുള്ള അയണിവേലിക്കുളങ്ങര വില്ലേജിൽ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയുടെ 23, 24 വാ‌ർഡുകളിലെ ഏതാനും ഭാഗമായ 86 ഏക്കറിൽ മാത്രമാണ് ആണവ ധാതുനിക്ഷേപം കണ്ടെത്തിയിട്ടുള്ളത്. ഇത് വില്ലേജിന്റെ ആകെ വിസ്തീർണത്തിന്റെ ആറ് ശതമാനം മാത്രമാണ്. മറ്റു വികസന പ്രവർത്തനങ്ങൾക്കുള്ള ഭൂമി ഏറ്റെടുക്കൽ പോലെയല്ല ധാതുമണൽ ഖനനത്തിന് പാട്ടത്തിനെടുക്കുന്നത്. ഭൂമി താത്കാലികമായി വാടകയ്ക്കെടുക മാത്രമാണ് ചെയ്യുന്നത്. ധാതു വേർതിരിച്ചെടുത്ത ശേഷം റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിച്ച് തിരിച്ച് നൽകും. ധാതു സാന്നിദ്ധ്യം മൂലമുള്ള റേഡിയേഷൻ പൂർണമായും ഇല്ലാതാകുകയും ചെയ്യും. ഉടമസ്ഥർക്ക് ഭൂമി നഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല വാടകയിനത്തിൽ നല്ലൊരു തുക ലഭിക്കുകയും ചെയ്യും. ഭൂമി നൽകുന്നതിലൂടെ തങ്ങൾക്ക് ഗുണമല്ലാതെ ദോഷമൊന്നും ഉണ്ടാകില്ലെന്ന് മനസിലാക്കിയ ഭൂവുടമകൾ ഇപ്പോൾ തന്നെ തങ്ങളുടെ ഭൂമി മൂന്നുവർഷത്തെ പാട്ട വ്യസ്ഥയിൽ ഐ.ആർ.ഇയെ ഏൽപ്പിച്ചിട്ടുണ്ട്.

ഈ ഭൂമി ഈടായി നൽകി ബാങ്കിൽ നിന്ന് വായ്പയെടുക്കാനും പിന്നീട് നിർമ്മാണം, കൃഷി, വ്യാപാരം തടങ്ങിയവയ്ക്കൊന്നും യാതൊരു തടസവുമില്ലെന്നും രജിസ്ട്രേഷൻ വകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. തന്ത്രപ്രധാനമായ ധാതുക്കൾ ശേഖരിച്ച് ഉപയോഗിക്കേണ്ടത് രാജ്യതാത്പര്യത്തിന് അത്യന്താപേക്ഷിതമാണ്. ഈ വസ്തുതകൾ തിരിച്ചറിഞ്ഞ് കുപ്രചാരണങ്ങൾ തള്ളിക്കളയണമെന്ന് ഐ.ആർ.ഇ അധികൃതർ അറിയിച്ചു.