പത്തനാപുരം: നടുക്കുന്ന്-​ കമുകുംചേരി- എലിക്കാട്ടൂർ- മുക്കടവ് റോഡ് തകർന്ന് ഗതാഗത യോഗ്യമല്ലാതായിട്ട് വ‌ർഷങ്ങളായി. കുണ്ടും കുഴികളും ഇല്ലാത്ത ഒരു ഭാഗം പോലുമില്ല. മഴ പെയ്താൽ വെള്ളക്കെട്ടും ദുരിതങ്ങളും തന്നെ. റോഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി നിരവധി പരാതികളും നിവേദനങ്ങളും നൽകിയിട്ടും അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്. റോഡ് നിർമ്മാണത്തിനായി കിഫ്ബിയിൽ നിന്ന് പണം അനുവദിച്ചെങ്കിലും അധികൃതർ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.

തിരക്കേറിയ റോഡ്

കായംകുളം- പുനലൂർ റൂട്ടിൽ പള്ളിമുക്കിനും മുക്കടവിനും ഇടയിൽ അപകടങ്ങൾ സംഭവിച്ചാലും മറ്റ് അവശ്യഘട്ടങ്ങളിലും ഗതാഗതം തിരിച്ചുവിടുന്ന ഏക വഴിയാണിത്. പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ കിഴക്കേമുറി, കമുകുംചേരി, എലിക്കാട്ടൂർ, മുക്കടവ് വാർഡുകളിലൂടെ കടന്നു പോകുന്ന ഏക റോഡും ഇതാണ്. കുരിയോട്ടുമല എൻജിനിയറിംഗ് കോളേജ്, ബഫല്ലോ ബ്രീഡിംഗ് ഫാം, അയ്യങ്കാളി ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നിവടങ്ങളിലേക്കുള്ളവരും ഇതുവഴിയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുന്നത്.

കലുങ്കുകളും പാലവും ശോച്യാവസ്ഥയിൽ

ഈ പാതയിലുള്ള പത്തിലധികം കലുങ്കുകളും എലിക്കാട്ടൂർ ക്ഷേത്രത്തിന് സമീപത്തെ പാലവും കാലപ്പഴക്കത്തിൽ ശോച്യാവസ്ഥയിലാണ്. ഇവ പൊളിച്ചുപണിഞ്ഞെങ്കിൽ മാത്രമേ റോഡ് പൂർണമായും സഞ്ചാരയോഗ്യമാകൂ. ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാർ.

വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിന്റെ ശോചനീയാവസ്ഥ മാറ്റി യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ അധികൃതർ തയാറാകണം.

കെ. ഷാജു, കേരളകൗമുദി ഏജന്റ്

റോഡ് തകർച്ച കാരണം അവശ്യ ഘട്ടങ്ങളിൽ ടാക്സികൾ പോലും വരാറില്ല. റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ നടത്തും

പ്രകാശ്, പ്രസിഡന്റ്,

എസ്.എൻ.ഡി.പി. യോഗം 1751 -ാം നമ്പർ എലിക്കാട്ടൂർ ശാഖ

നടുക്കുന്ന്- മുക്കടവ്, ഏനാത്ത്- ​ പത്തനാപുരം. നടുക്കുന്ന്- മാങ്കോട്, നടുക്കുന്ന്- ​ പുന്നല- അലി മുക്ക് റോഡുകൾ കിഫ്ബിയിൽ നിന്ന് തുക അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണ പ്രവൃത്തികൾ വേഗത്തിലാക്കാൻ ഇടപെടും

കെ.ബി. ഗണേശ് കുമാർ എം.എൽ.എ