photo
തകർന്ന് കിടക്കുന്ന തുറയിൽകുന്ന് കുരുശ്ശടി ജംഗ്ഷൻ - ക്രിസ്ത്യൻ പള്ളി റോഡ്

കരുനാഗപ്പള്ളി : റോഡിന്റെ തകർച്ച കാരണം ഓട്ടോയോ മറ്റ് ടാക്സികളോ വിളിച്ചാൽ വരില്ല. കുണ്ടും കുഴികളും വെള്ളക്കെട്ടും കാരണം യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് അറുതിയില്ല.

കരുനാഗപ്പള്ളി നഗരസഭയുടെ പരിധിയിൽ വരുന്ന തുറയിൽകുന്ന് കുരിശ്ശടി ജംഗ്ഷൻ - ക്രിസ്ത്യൻ പള്ളി റോഡിന്റെ അവസ്ഥയാണ് പരിതാപകരമായത്. റോഡിന്റെ ടാറിംഗ് പൂർണമായി ഇളകി മാറി കുഴികൾ രൂപപ്പെട്ടിരിക്കുന്നു. കൂർത്ത് റോഡിൽ നിൽക്കുന്ന പാറക്കല്ലുകൾ കാൽനട യാത്രക്കാർക്ക് വിനയാകുന്നു. മഴ സീസണിൽ വെള്ളം കെട്ടി നിന്ന് റോഡ് കുളമായി മാറും. ഈ സമയങ്ങളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും പതിവ് കാഴ്ചയാണ്.

ഓട നിർമ്മിക്കൂ,മഴവെള്ളം ഒഴുകിപ്പോകട്ടേ

കുരുശ്ശടിയുടെ സമീപത്തു നിന്ന് പടിഞ്ഞാറോട്ട് 300 മീറ്രർ ദൈർഘ്യം മാത്രമാണ് റോഡിനുള്ളത്. ഒരു ദശാബ്ദത്തിന് മുമ്പാണ് റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. റോഡിന്റെ വശങ്ങളിൽ ഓടയില്ലാത്തതാണ് റോഡിന്റെ തകർച്ചക്ക് കാരണമാകുന്നതെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് റോഡിൽ കെട്ടി നിൽക്കുന്ന മഴ വെള്ളം ഒഴുകി പോകാൻ ഓട നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ വർഷങ്ങളായുള്ള ആവശ്യം.

റോഡ് പൊളിച്ച് ടാർ ചെയ്യണം

50 ഓളം കുടുംബങ്ങൾ റോഡിന്റെ നേരിട്ടുള്ള ഉപഭോക്താക്കളാണ്. കരുനാഗപ്പള്ളിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാളം പേർ പള്ളിയിൽ എത്താറുണ്ട്. റോഡ് തകർന്ന് കിടക്കുന്നതിനാൽ

ഓട്ടോറിക്ഷാ പോലുള്ള ചെറു വാഹനങ്ങൾ പോലും റോഡിലൂടെ വരാറില്ല. പ്രദേശവാസികൾക്ക് കല്ലുംമൂട്ടിൽ കടവിൽ എത്തപ്പെടാനുള്ള എളുപ്പ മാർഗവും ഈ റോഡാണ്. നിലവിലുള്ള റോഡ് പൊളിച്ച് കൂടുതൽ ഗ്രാവലും മെറ്റിലും ഇട്ട് നിരത്തി ടാർ ചെയ്തെങ്കിൽ മാത്രമേ വെള്ളക്കെട്ടിൽ നിന്ന് റോഡിനെ സംരക്ഷിക്കാനാകൂ

റാേഡ് വർഷങ്ങളായി തകർന്ന് കിടക്കുകയാണ്. ധാരാളം പേർ പള്ളിയിലെത്തുന്നത് ഇതുവഴിയാണ്. ഓടയില്ലാത്തതാണ് റോഡിന്റെ തകർച്ചക്ക് മുഖ്യ കാരണം. റോഡിന്റെ വശങ്ങളിൽ ഓട നിർമ്മിച്ച് പള്ളിക്ക് സമീപമുള്ള പ്രധാന ഓടയുമായി ബന്ധിപ്പിച്ചാൽ മഴ വെള്ളം ടി.എസ് കനാലിൽ ചെന്ന് ചേരും.

ദീപക്, പൊതു പ്രവർത്തകൻ

34-ം ഡിവിഷനിലെ പ്രധാന ഗ്രാമീണ റോഡാണ്. വർഷങ്ങളായി തകർച്ചയിലാണ്. കാൽനട യാത്ര പോലും ദുരിതപൂർണമാണ്. റോഡ് ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കണം.

അബ്ദുൽ റഹ്മാൻ കുഞ്ഞ്, കേരളകൗമുദി ഏജന്റ്