z
തകർന്നുകിടക്കുന്ന മൺറോത്തുരുത്ത് കക്കാട്ട് കടവ് - പനമ്പിൽ റോഡ്

മൺറോത്തുരുത്ത്: വേലിയേറ്റത്തിൽ ദുരിതപൂർണമായ മൺറോത്തുരുത്തിൽ നല്ലൊരു റോഡുപോലുമില്ലാത്ത അവസ്ഥയാണ്. ഇവിടത്തെ പ്രധാന റോഡുകളെല്ലാം ശക്തമായ മഴയിലും വേലിയേറ്റത്തിലും തകർന്ന് കാൽനടപോലും ദുഷ്കരമായിട്ടുണ്ട്. മൺറോത്തുരുത്തിലേക്കുള്ള ബസുകൾ സഞ്ചരിക്കുന്ന കാനറാ ബാങ്ക് ജംഗ്ഷൻ - റെയിൽവേ സ്റ്റേഷൻ- ടെലിഫോൺ എക്സേഞ്ച് റോഡ് ഉൾപ്പെടെ തകർന്നുകിടക്കുകയാണ്. കിഫ്‌ബി ഫണ്ടിൽ നിന്ന് തുക അനുവദിക്കുകയും കരാർ നൽകുകയും ചെയ്‌തെങ്കിലും പണികൾ ആരംഭിക്കാൻ കാലതാമസം നേരിടുകയാണ്. ആദ്യത്തെ കരാറുകാരൻ പണി ഏറ്റെടുക്കാതിരുന്നതോടെ മറ്റൊരാൾക്ക് നൽകുകയായിരുന്നുവെങ്കിലും ഇനിയും നിർമ്മാണം ആരംഭിക്കാൻ സാധിച്ചിട്ടില്ല. തനത് വരുമാനം താരതമ്യേന കുറവുള്ള പഞ്ചായത്തുകളിലൊന്നാണ് മൺറോത്തുരുത്ത്. എം.എൽ.എ, എം.പി ഫണ്ട് ചെലവഴിക്കുന്നതിലും മൺറോത്തുരുത്തിനോട് അവഗണനയാണ്.

ലോക ഭൂപടത്തിൽ സ്ഥാനമുള്ള മൺറോത്തുരുത്തിന്റെ ഭൂപ്രകൃതിക്ക് അനുയോജ്യമായ വികസന പ്രവർത്തനങ്ങൾ നടത്താൻ ടൂറിസം വകുപ്പ് ഉൾപ്പെടെയുള്ളവയുടെ ഫണ്ട് ഉപയോഗിക്കാൻ കഴിയുമെന്നിരിക്കെ അധികൃതർ അനങ്ങാപ്പാറ നയം തുടരുകയാണ്.

തകർന്ന റോഡുകൾ

 കൊച്ചുമാട്ടയിൽ- പുളിമൂട്ടിൽക്കടവ്

 കക്കാട്ട് കടവ് - പനമ്പിൽ

 കാരൂത്രക്കടവ്- പനമ്പിൽ സാൻജോസ് ഫാം

 പനമ്പിൽ വള്ളുവൻചാൽ- റെയിൽവേ സ്റ്റേഷൻ

 മേനിത്തോടം- മുളമ്പന്തറ ക്ഷേത്രം

 മണക്കടവ് എസ് വളവ്- ടൂറിസം

 സാൻജോസ് ഫാം - നീറ്റും തുരുത്ത്

 തൂമ്പുംമുഖം- ഇടിയ കടവ്- മുതിരപ്പറമ്പ്

 കണ്ണങ്കാട്- കൊന്നയിൽക്കടവ്

തകർന്ന റോഡുകൾ ടൂറിസത്തിനും വിനോദ സഞ്ചാരികൾക്കും വലിയ ബുദ്ധിമുട്ടാണ്. മൺറോത്തുരുത്തിലെ വികസനത്തിന് വിഘാതം നിൽക്കുന്ന റോഡുകൾ പുനർ നിർമ്മിക്കാൻ സത്വര നടപടി വേണം

- മൺറോത്തുരുത്ത് രഘു, ജനറൽ സെക്രട്ടറി, ഗാന്ധിജി ഫൗണ്ടേഷൻ

റോഡുകൾ തകർന്ന് കാൽനട പോലും സാദ്ധ്യമാകാത്ത അവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാൻ ടൂറിസം, ഫിഷറീസ് പൊതുമരാമത്ത് വകുപ്പുകളിലൂടെ ഫണ്ട് ലഭ്യമാക്കണം. സംസ്ഥാന സർക്കാരിന്റെ അടിയന്തര ശ്രദ്ധയും ഇക്കാര്യത്തിലുണ്ടാകണം

- എസ്. ഭാസി, എസ് .എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ്, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം