pic

കൊല്ലം: സാഹസിക സെൽഫിയെടുപ്പും കല്യാണ ഫോട്ടോഷൂട്ടും പരിധിവിട്ടാൽ 'പടമാകും'!

നവംബർ 10ന് ഗുരുവായൂരിൽ ഫോട്ടോ ഷൂട്ട് കഴിഞ്ഞ് വധൂവരന്മാർ മാറിയതിന് പിന്നാലെ ആന പ്രകോപിതനായി. പാപ്പാനെ കാലിൽ പിടിച്ച് ഉയർത്താൻ ശ്രമിച്ചെങ്കിലും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലം ചാത്തന്നൂരിൽ വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധൂവരന്മാർ പാറക്കുളത്തിൽ വീണത്.

കാൽ വഴുതി പ്രതിശ്രുത വധു സാന്ദ്ര കുളത്തിൽ വീഴുകയായിരുന്നു. രക്ഷിക്കാൻ വരൻ വിനു പിന്നാലെ ചാടി. ആയുസിന്റെ ബലം കൊണ്ടാണ് ഇരുവരും രക്ഷപ്പെട്ടത്.

ഫോട്ടോ ഷൂട്ടിനെത്തിയ വധൂവരന്മാർക്ക് നേരെ കുറുമ്പുകാട്ടി ആന ഓലമടൽ എറിയുന്നതാണ് ഇന്നലെ പുറത്തുവന്ന കാഴ്ച. പന്മന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ഡിസംബർ അഞ്ചിനായിരുന്നു സംഭവം. പന്മന സൗപർണികയിൽ

ഗ്രീഷ്മയുടെയും മാവേലിക്കര സ്വദേശി ജയശങ്കറിന്റെയും വിവാഹം കഴിഞ്ഞുള്ള ഫോട്ടോ ഷൂട്ട് പൂർത്തിയാക്കി മടങ്ങുമ്പോഴാണ് ശരവണൻ എന്ന ആന കുറുമ്പ് കാട്ടിയത്.

വരൻ ജയശങ്കറിന്റെ തോളിൽ ഉരസിയാണ് മടൽ പാഞ്ഞുപോയത്. ചെറുപ്പം മുതൽ ഗ്രീഷ്മയുമായി ശരവണന് അടുത്ത ചരിചയമുണ്ട്. ഗ്രീഷ്മയുടെ പിതാവ് റിട്ട. ക്യാപ്ടൻ രാധാകൃഷ്ണൻ കൂടി അംഗമായിരിക്കുന്ന ക്ഷേത്രോപദേശക സമിതി വർഷങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിൽ നടയ്‌ക്കിരുത്തിയതാണ് ശരവണനെ. വീട്ടിൽ വരുമ്പോൾ ഗ്രീഷ്മ ഭക്ഷണവും നൽകിയിരുന്നു.

സാധാരണ ശരവണനെ കാണാൻ പോകുമ്പോൾ കൈയിൽ ഭക്ഷണം കരുതാറുണ്ടായിരുന്നു. ഇത്തവണ അതില്ലാതെ പോയതാവാം ആനയെ പ്രകോപിപ്പിച്ചത്. ഫോട്ടോക്ക് മാറ്റുകൂട്ടാൻ ശ്രമിക്കുന്നവർ ഒാർക്കുക, അപകടം അരികിലുണ്ട്.