 
ചാത്തന്നൂർ: ഒരു വ്യാഴവട്ടം മുമ്പ് ചാത്തന്നൂർ, ആദിച്ചനല്ലൂർ പഞ്ചായത്ത് നിവാസികളുടെ വികസനരേഖകളിൽ ദാ, ഇപ്പൊ നടക്കും എന്ന നിലയിൽ സ്വപ്നംകണ്ട പദ്ധതിയാണ് പള്ളിക്കമണ്ണടി പാലം. ജി.പ്രതാപവർമ തമ്പാൻ എം.എൽ.എ ആയിരിക്കുമ്പോൾ ഒരു ജനസമ്പർക്ക പരിപാടിയിൽ ഉയർന്ന ആവശ്യമാണ് ചാത്തന്നൂർ-ആദിച്ചനല്ലൂർ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് ഇത്തിക്കരയാറിൽ പള്ളിക്കമണ്ണടിയിൽ പാലം നിർമ്മിക്കുക എന്നത്. തുടർന്ന് എൻ.അനിരുദ്ധൻ എം.എൽ.എ ആയിരിക്കവേ പാലത്തിന് ഭരണാനുമതിയായി. അടുത്തവർഷം ഒരു രൂപ ടോക്കൺ ആയി, ധനകാര്യവകുപ്പിന്റെ അനുമതിയുമായി. അതിനുശേഷം നിയമസഭയിലേയ്ക്ക് മൂന്ന് തിരഞ്ഞെടുപ്പുകൾ നടന്നു. ആദ്യം 3.5 കോടി രൂപയും പിന്നീട് ആറ് കോടിയും ഒക്കെ അനുവദിച്ചതായി കേട്ടിട്ട് വർഷം മൂന്നാകുന്നു. പക്ഷേ, പാലം വെള്ളത്തിൽ വരച്ച വര തന്നെ.
മണ്ണ് പരിശോധന, വയൽ ഏറ്റെടുക്കൽ, അപ്രോച്ച് റോഡ് എന്നിങ്ങനെ പാലവുമായി ബന്ധപ്പെട്ട് ഉയർന്നുകേട്ടതെല്ലാം നാട്ടുകാർ മറന്നുതുടങ്ങി.
പ്രതീക്ഷകൾ ഒരുപാടായിരുന്നു. ചാത്തന്നൂർ ആസ്ഥാനമായി താലൂക്ക് വരുമെന്നും ഊറാംവിളയിലെ സ്വകാര്യ ബസ് സ്റ്റാൻഡ് പ്രവർത്തനക്ഷമമാകുമെന്നും അതോടെ, ചാത്തന്നൂരിൽ വികസനത്തിന്റെ ബഹളമായിരിക്കുമെന്നുമെല്ലാം സ്വപ്നം കണ്ടു നടന്ന നാട്ടുകാർ ഇന്ന് ഹതാശരായി.
പാലത്തോടനുബന്ധിച്ച് ഇത്തിക്കരയാർ കേന്ദ്രീകരിച്ച് ടൂറിസം പദ്ധതി, ബോട്ടിംഗ്, ഫുഡ് കോർട്ട്, നീന്തൽ പരിശീലന കേന്ദ്രം... പക്ഷേ, പവനായി പലവട്ടം ശവമായതല്ലാതെ ഒരു കല്ലുപോലും പള്ളിക്കമണ്ണടിപാലത്തിനു വേണ്ടി എടുത്തുവയ്ക്കാനായില്ല. വികസനം വെറും വായ്ത്താരിയിലൊതുങ്ങിയെന്ന് നാട്ടുകാർ ഇപ്പോൾ വിശ്വസിക്കുന്നു. അവരെ കുറ്റം പറയാനും ആർക്കുമാവില്ല.
പാലം യാഥാർത്ഥ്യമായാൽ ചാത്തന്നൂരും ആദിച്ചനല്ലൂരും തമ്മിലുള്ള അകലം എട്ടുകിലോമീറ്ററിൽ നിന്ന് ഒന്നര കിലോ മീറ്ററായി കുറയും. അത്യാവശ്യഘട്ടത്തിൽ എൻ.എച്ച് 66നും സ്റ്റേറ്റ് ഹൈവേയ്ക്കും ഇടയിൽ ലിങ്ക് റോഡായും ഉപയോഗിക്കാം.
2011 മുതൽ ഇതു പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. 2023ന്റെ പടിവാതിലിലെത്തുമ്പോൾ വാഗ്ദാനം നൽകിയവർ വികസിക്കുന്നതല്ലാതെ നാട് വികസിക്കുന്നില്ല
അഡ്വ.ബിന്ദുകൃഷ്ണ,
എ.ഐ.സി.സി അംഗം
പള്ളിക്കമണ്ണടി പാലത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി അപ്രോച്ച് റോഡിനുള്ള സ്ഥലം ഏറ്റെടുത്തു. പാലം നിർമ്മാണത്തിനുള്ള തുകയും അനുവദിച്ചു. എന്നാൽ ടെണ്ടർ നടപടികൾ ആരംഭിച്ചിട്ടില്ലാത്തതിനാൽ എന്നേയ്ക്ക് നിർമ്മാണം ആരംഭിക്കാനാകുമെന്ന് പറയാനാകില്ല.
ടി.ദിജു, പ്രസിഡന്റ്,
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്