കൊല്ലം: സംസ്ഥാനത്തെ വിദ്യാഭ്യാസ, സാംസ്കാരിക മേഖലകൾക്ക് പകരം വയ്ക്കാനില്ലാത്ത സംഭാവനകൾ നൽകിയ കൊല്ലം എസ്.എൻ കോളേജിലെ സമാധാന പഠനാന്തരീക്ഷം വിദ്യാർത്ഥി പ്രസ്ഥാനങ്ങളെ ഉപയോഗിച്ച് തകർക്കാനുള്ള ശ്രമത്തിനെതിരെ ശക്തമായി പ്രതികരിക്കുമെന്ന് ശ്രീനാരായണ കോളേജ് സംരക്ഷണ സമിതി.

കോളേജിന് പൊതുസമൂഹത്തിലുള്ള സ്വീകാര്യതയും ഉന്നത വിദ്യാഭ്യാസ മേഖലകളിലെ സംഭാവനകളെയും ഇല്ലായ്മ ചെയ്ത് കോളേജിനെ തകർക്കാൻ പ്രവർത്തിക്കുന്ന ഗൂഢശക്തികളെ ചെറുത്ത് തോൽപ്പിക്കണമെന്നും സമിതി ആഹ്വാനം ചെയ്തു.

യോഗത്തിൽ എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് ട്രഷററുമായ ഡോ. ജി.ജയദേവൻ, യോഗം കൗൺസിലർ പി. സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ.രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ.സോമരാജൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി സജീവ്, ചവറ യൂണിയൻ പ്രസിഡന്റ് സജയൻ, സെക്രട്ടറി കാരയിൽ അനീഷ്, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. നീരാവിൽ.എസ്.അനിൽകുമാർ എന്നിവർ സംസാരിച്ചു.

സംയുക്ത യോഗം നാളെ

എസ്.എൻ കോളേജിലെ തുടർപ്രവർത്തനങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് നാളെ വൈകിട്ട് 4.30ന് എസ്.എൻ കോളേജിലെ ഓപ്പൺ ഓഡിറ്റോറിയത്തിൽ എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗങ്ങൾ, കൊല്ലം, കരുനാഗപ്പള്ളി, ചാത്തന്നൂർ, ചവറ, കുണ്ടറ യൂണിയൻ, ശാഖാ ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ചേരും.