കൊല്ലം : മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികവും മനുഷ്യാവകാശ ദിനാചരണവും സിക്റൂം - യോഗാ-മെഡിറ്റേഷൻ- പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനവും ഗവ.വൃദ്ധസദനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിച്ചു. യോഗാ-മെഡിറ്റേഷൻ- പ്രാർത്ഥനാ ഹാളിന്റെ ഉദ്ഘാടനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ നിർവഹിച്ചു. കോയിവിള ജയവിഹാർ ജി.മാധവൻ പിള്ള ആൻഡ് സി.രാധാമ്മ മെമ്മോറിയൽ ട്രസ്റ്റ് സ്പോൺസർഷിപ്പായിട്ടാണ് ആധുനിക സൗകര്യങ്ങളുള്ള സിക്റൂം സജ്ജമാക്കിയത്.
സ്വഭവനങ്ങളിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ട 100 ഓളം വൃദ്ധ മാതാപിതാക്കളുടെ ക്ഷേമ-പുനരിധവാസ പ്രവർത്തനങ്ങളും മുഖ്യാധാരാ പ്രവേശനവും ലക്ഷ്യമാക്കി സാമൂഹ്യ നീതി വകുപ്പ് -എച്ച്.എൽ.എഫ്. പി.പി.ടിയുടെ ആഭിമുഖ്യത്തിലുള്ള സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയുടെ ഭാഗമായിട്ടാണ് യോഗാ മെഡിറ്റേഷൻ പ്രാർത്ഥനാ ഹാൾ സജ്ജീകരിച്ചിട്ടുള്ളതെന്ന് സൂപ്രണ്ട് ബി.മോഹനൻ പറഞ്ഞു.
ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം. അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീലാകുമാരി, ഉഷാദേവി പി, ബെറ്റ്സി റോയി, വാർഡ് മെമ്പർ ദിവ്യ ഷിബു, അഞ്ചാലുംമൂട് എസ്.എച്ച്.ഒ ധർമ്മജിത്ത്,എച്ച്.എൽ.എഫ്.പി.പി.ടി സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ.അനിൽകുമാർ നായർ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങൾ, എം.സുരേഷ് കുമാർ (ജയവിഹാർ ട്രസ്റ്റ്), സുരേഷ് ബാബു (എസ്.പി.സി. ചീഫ്) എന്നിവർ സംസാരിച്ചു. തുടർന്ന് അഞ്ചാലുംമൂട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ് പൊലീസ് കേഡറ്റ്സ് കലാപരിപാടികൾ അവതരിപ്പിച്ചു.