കൊല്ലം : കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലെ പൊതു കംഫർട്ട് സ്റ്റേഷൻ തുറക്കാൻ തീരുമാനമായി, ആ'ശങ്ക'യ്ക്ക് പരിഹാരമാകുന്നതിന്റെ ആശ്വാസത്തിലാണ് നാട്ടുകാർ. കൊല്ലം-തിരുമംഗലം ദേശീയപാതയ്ക്ക് അരികിലായി കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിലായി മൂന്ന് വർഷം മുൻപാണ് നാല് കക്കൂസുകളടങ്ങുന്ന പൊതു കംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചത്. നഗരസഭയുടെ മേൽനോട്ടത്തിൽ ശുചിത്വമിഷനിൽ നിന്നും ലഭിച്ച തുക ഉപയോഗിച്ചായിരുന്നു നിർമ്മാണം. എന്നാൽ വെള്ളം ലഭിച്ചില്ലെന്ന കാരണത്താൽ ഉദ്ഘാടനം നടന്നില്ല. ഇവിടെ പൊതു കംഫർട്ട് സ്റ്റേഷന്റെ ആവശ്യകതയും നിലവിലുണ്ടായിരുന്ന തടസങ്ങളുമൊക്കെ അക്കമിട്ടുനിരത്തി കഴിഞ്ഞ ഏപ്രിൽ 21ന് 'ഉദ്ഘാടനം കാത്ത് കംഫർട്ട് സ്റ്റേഷൻ ' എന്ന തലക്കെട്ടോടെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചു. തുടർന്ന് നഗരസഭ ചെയർമാൻ എ.ഷാജു ഇടപെട്ടാണ് തടസങ്ങളെല്ലാം നീക്കി ഇപ്പോൾ കംഫർട്ട് സ്റ്റേഷൻ നാടിനായി തുറന്നുകൊടുക്കുന്നത്.

ഗുണകരമാകും

റെയിൽവേ സ്റ്റേഷനിൽ വന്നുപോകുന്നവർക്കും മറ്റ് യാത്രക്കാർക്കും ഉപകരിക്കുംവിധമാണ് കംഫർട്ട് സ്റ്റേഷൻ ഉചിതമായ സ്ഥലത്ത് നിർമ്മിച്ചത്. തിരക്കേറിയ കൊട്ടാരക്കര പട്ടണത്തിൽ പൊതു ടൊയ്ലറ്റുകളുടെ അഭാവം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു.

ഉദ്ഘാടനം ഇന്ന്

റെയിൽവേ സ്റ്റേഷൻ കവലയിലെ നഗരസഭയുടെ പൊതു കംഫർട്ട് സ്റ്റേഷൻ ഇന്ന് രാവിലെ 10ന് ഉദ്ഘാടനം ചെയ്ത് നാടിന് തുറന്നുകൊടുക്കുമെന്ന് ചെയർമാൻ എ.ഷാജു അറിയിച്ചു.