കൊല്ലം : കടന്നൽക്കൂട്ടത്തിന്റെ അപ്രതീക്ഷിത ആക്രമണത്തിൽ മൺറോതുരുത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ലേഖാ ഭവനത്തിൽ ഓമനക്കുട്ടൻ, സുലോചന എന്നിവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞുമോൻ, കണ്ണൻ, സോമൻ, ശബരി, മനേഷ് എന്നിവരെ സമീപത്തെ ആശുപത്രികളിലും പ്രവേശിപ്പിച്ചു. മൺറോതുരുത്ത് വില്ലിമംഗലംംവെസ്റ്റ് ആറാട്ടുകടവിന് സമീപമാണ് നാട്ടുകാർ കടന്നലിന്റെ ആക്രമണത്തിന് ഇരയായത്. വളരെ ഉയരത്തിലുള്ള മഹാഗണി മരത്തിൽ കൂടുകൂട്ടിയ കടന്നൽ കൂട്ടമാണ് കഴിഞ്ഞ ദിവസം ഇളകിയത്. തൊട്ടടുത്ത വീട്ടിലെ കാലിന് സുഖമില്ലാത്ത ഓമനക്കുട്ടനും ഭാര്യയ്ക്കുമാണ് ആദ്യം കുത്തേറ്റത്. മൺറോത്തുരുത് സ്വദേശിയായ കുണ്ടറ സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ബിൻസ് രാജിന്റെ സമയോചിതമായ ഇടപെടലാണ് ഇവരെെ രക്ഷിച്ചത്. കടന്നൽ കുത്തേറ്റ മറ്റുള്ളവർ കല്ലടയാറ്റിൽ ചാടിയാണ് രക്ഷപ്പെട്ടത്. കിഴക്കേ കല്ലട പൊലീസും കുണ്ടറ ഫയർഫോഴ്സും സ്ഥലത്തെത്തിയിരുന്നു.