 
തഴവ: മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന അശാസ്ത്രീയ നിയന്ത്രണങ്ങൾ തൊഴിലാളികളെ നോക്കുകുത്തികളാക്കുന്നു. 2005 ൽ നിലവിൽ വന്ന പദ്ധതിയിൽ കാർഷിക മേഖലയെ അഭിവൃദ്ധിപ്പെടുത്തൽ, ദരിദ്രരുടെ വിഭവാടിത്തറ ശക്തിപ്പെടുത്തൽ എന്നിവയാണ് പ്രധാന ലക്ഷ്യമായി പറയുന്നത്. എന്നാൽ മേഖലയിൽ പിന്നീട് വിവിധ നവീകരണങ്ങൾ വന്നതോടെ ഇപ്പോൾ കാർഷിക മേഖലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ കാഴ്ചക്കാരായി മാറിയ അവസ്ഥയാണ്.
കർശന വ്യവസ്ഥ
കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ച് പാകപ്പെടുത്തി എടുക്കുന്നതോടെ നിയമാനുസൃതം തൊഴിലാളിയുടെ ഊഴം കഴിയുമെന്നതാണ് നിലവിലെ വിചിത്രമായ വ്യവസ്ഥ. വിതയ്ക്കൽ, ഇടകിളക്കൽ, വളമിടീൽ ,വിളവെടുപ്പ് എന്നീ പ്രവൃത്തികളെ മസ്ട്രോളിൽ ഉൾപ്പെടുത്തുവാൻ കഴിയില്ലെന്നാണ് തൊഴിലുറപ്പിലെ കർശനമായ വ്യവസ്ഥ. ഇതോടെ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് കൂട്ടായോ, ഗ്രൂപ്പുകളായി തിരിഞ്ഞോ സ്ഥലങ്ങൾ ഏറ്റെടുത്ത് കൃഷി നടത്തി വിഭവ അടിത്തറ ശക്തിപ്പെടുത്തുവാൻ കഴിയാത്ത സ്ഥിതിയാണ്.
നോക്കുകുത്തികളാക്കി
സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയമായ കുലശേഖരപുരം പഞ്ചായത്തിലെ ഓണാട്ടുകര എള്ള്, നെല്ല് ,പട്ട് ചീര ,തഴവ പാവുമ്പയിലെ കരക്കൃഷികൾ എന്നിവയുടെ ഉത്പ്പാതനത്തിലേക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാൽ പോലും കാർഷിക മേഖലയിൽ വൻ വളർച്ച നേടുവാൻ ഈ പ്രദേശങ്ങൾക്ക് കഴിയും. വിഭവ വിൽപ്പനയിലൂടെ ലാഭം നേടുവാനും അവസരം ഒരുങ്ങും. ഒരു പഞ്ചായത്ത് വാർഡിൽ 60 മുതൽ 100 വരെ തൊഴിലാളികളാണ് തൊഴിലുറപ്പ് പദ്ധതിയിലുള്ളത്. ഇവരെ നാല് വരെ ഗ്രൂപ്പുകളായി തിരിച്ച് കൃഷി വകുപ്പിന്റെ മേൽനോട്ടത്തിൽ പരിശീലനം നൽകുവാനും ,അത്യുത്പാദന ശേഷിയുള്ള വിത്തുകൾ കണ്ടെത്തി നൽകുന്നതിനും നടപടികൾ സ്വീകരിച്ചാൽ തന്നെ പദ്ധതി പ്രവർത്തനത്തെ കാര്യക്ഷമമാക്കാമെന്നിരിക്കെ അശാസ്ത്രീയമായ നിയന്ത്രണങ്ങളിലൂടെ തൊഴിലാളികള പരിഹസിക്കുവാനാണ് നിലവിൽ അധികൃതർ ശ്രമിക്കുന്നത്.