കൊല്ലം: കൊല്ലം എസ്.എൻ കോളേജിൽ എസ്.എഫ്.ഐയുടെ പാനലിൽ വിജയിച്ച കോളേജ് യൂണിയൻ ഭാരവാഹികളിൽ ഒരാൾ തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ പ്രകാരം ആയോഗ്യനെന്ന് ആരോപണം.

രണ്ട് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരിൽ ഒരാൾ യൂണിയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിശ്ചിത പ്രായപരിധി കഴിഞ്ഞയാളാണെന്നാണ് പരാതി.

ലിങ്ദോ കമ്മിഷൻ മുന്നോട്ടുവച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കേരള സർവകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതുപ്രകാരം ബിരുദ വിദ്യാർത്ഥികളിൽ17നും 22നും ഇടയിൽ പ്രായമുള്ളമുള്ളവർക്കേ മത്സരിക്കാനാകു. എന്നാൽ യു.യു.സിയായി വിജയിച്ച ഒന്നാം വർഷക്കാരൻ കഴിഞ്ഞ മേയിൽ 22 വയസ് പിന്നിട്ടു. നാമനിർദേശ പത്രികയിൽ പ്രായം തെറ്റായി രേഖപ്പെടുത്തി മത്സരിച്ചുവെന്നാണ് സംശയം. ഈ ഭാരവാഹിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.എസ്.എഫ് കോളേജ് അധികൃതർക്കും സർവകലാശാലയ്ക്കും പരാതി നൽകും.

പരാതി ശരിയാണെന്ന് സ്ഥിരീകരിച്ചാൽ ഈ യു.യു.സിയെ പുറത്താക്കി ഏറ്റവും ഉയർന്ന രണ്ടാമത്തെ വോട്ട് ലഭിച്ചയാളെ വിജയിയായി പ്രഖ്യാപിക്കുകയോ വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യും. ഇക്കാര്യത്തിൽ റിട്ടേണിംഗ് ഓഫീസറാകും അന്തിമ തീരുമാനമെടുക്കുക.

ഹാജർ നിർബന്ധം

മത്സരിക്കുന്നവർക്ക് 75 ശതമാനം ഹാജർ വേണമെന്ന് നിബന്ധനയുണ്ട്. എന്നാൽ ഒരു കുറച്ചധികം പേർ ക്ലാസ് റെപ്രസെന്റേറ്റീവുമാരായി മത്സരിച്ചത് സർവകലാശാല യൂണിയൻ പ്രവർത്തനങ്ങളുടെ പേരിലുള്ള ഹാജർ ഉപയോഗിച്ചാണ്. രേഖമൂലമില്ലാതെ സർവകലാശാല യൂണിയന്റെ ലെറ്റർ പാഡിൽ നൽകിയ ഹാജരുകൾ പരിശോധിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

ഭീഷണിപ്പെടുത്തി പണപ്പിരിവ്

കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ എസ്.എഫ്.ഐ പ്രവർത്തകർ സ്ഥിരമായെത്തി അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതായും പരാതിയുണ്ട്.

കനത്ത പൊലീസ് സുരക്ഷ

സംഘർഷത്തിന് ശേഷം ഇന്ന് ക്ലാസ് പുനരാരംഭിക്കുന്ന സാഹചര്യത്തിൽ കോളേജിന് അകത്തും പുറത്തും വൻ പൊലീസ് സംഘമുണ്ടാകും. എ.ഐ.എസ്.എഫ് പ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് അഞ്ച് എസ്.എഫ്.ഐ പ്രവർത്തകരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. ബാക്കിയുള്ളവർക്കായി തെരച്ചിൽ തുടരുകയാണ്.

ചില പാർട്ടികൾ ക്രിമിനലുകൾക്ക്

അഭയം നൽകുന്നു: എസ്.സുദേവൻ

എസ്.എൻ കോളേജിൽ നടന്ന സംഘർഷവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐക്കെതിരെ ബോധപൂർവമായ നീക്കങ്ങളാണ് നടക്കുന്നതെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ പ്രസ്താവനയിൽ പറഞ്ഞു. കാമ്പസുകളിൽ എല്ലാ വിദ്യാർത്ഥി സംഘടനകൾക്കും ജനാധിപത്യപരമായി പ്രവർത്തിക്കാൻ കഴിയണം. എ.ഐ.എസ്.എഫ് പ്രവർത്തകൻ എസ്.എഫ്.ഐക്കാരെ ആക്രമിക്കാൻ ശ്രമിച്ചതാണ് കഴിഞ്ഞയാഴ്ചയുണ്ടായ സംഘർഷത്തിന്റെ തുടക്കം. എന്നാൽ രാഷട്രീയ മുതലെടുപ്പിനായി ചില പാർട്ടികൾ ക്രിമിനൽ സംഘങ്ങൾക്ക് രാഷ്ട്രീയ അഭയം നൽകുകയാണെന്നും എസ്. സുദേവൻ പറഞ്ഞു.