കൊല്ലം: കൊല്ലത്ത് സി.ജി.എച്ച്.എസ് വെൽനെസ് സെന്റർ ആരംഭിക്കുന്നത് അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി മൻസുഖ് മണ്ഡാവ്യ ഉറപ്പ് നൽകിയതായി എൻ.കെ.പ്രേമചന്ദ്രൻ എം.പി അറിയിച്ചു.
ഗുണഭോക്താക്കൾ കുറവാണെന്ന കാരണത്താൽ നിർദേശം പരിഗണിക്കാൻ കഴിയില്ലെന്ന മന്ത്രാലയത്തിന്റെ കണ്ടെത്തൽ ശരിയല്ലെന്നും നിലവിലെ സ്ഥിതിവിവര കണക്കുകൾ പ്രകാരം കൊല്ലത്ത് മാത്രം 21,000 ഓളം സ്കീമിലുൾപ്പെട്ട ഗുണഭോക്താക്കളുണ്ടെന്നും എം.പി മന്ത്രിയുമായി നടത്തിയ ചർച്ചയിൽ വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ ആരോഗ്യ പദ്ധതിയിൽ അംഗങ്ങളായുള്ള കൊല്ലം, പത്തനംതിട്ട ജില്ലകളിലെ കേന്ദ്ര സർക്കാർ ജീവനക്കാരും സർവീസിൽ നിന്ന് പെൻഷൻ പറ്റിയവരുമായ ഗുണഭോക്താക്കൾ നിലവിൽ പദ്ധതി ആനുകൂല്യം ലഭിക്കാൻ അന്യജില്ലകളിലേയ്ക്ക് പോകേണ്ട സാഹചര്യമാണ്. കൊല്ലത്ത് വെൽനെസ് സെന്റർ ആരംഭിച്ചാൽ മുതിർന്ന പൗരന്മാർക്ക് ഏറെ സഹായകരമായിരിക്കുമെന്നും എം.പി പറഞ്ഞു.