
കൊല്ലം: ടൂറിസം രംഗത്തെ രാജ്യത്തെ ഏറ്റവും മികച്ച ഹോട്ടലിന് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്സ് ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (എഫ്.ഐ.സി.സി.ഐ) ഏർപ്പെടുത്തിയ പുരസ്കാരം കോവളം ലീല റാവിസ് ഹോട്ടലിന്. ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ, ആതിഥ്യമര്യാദ, ശുചിത്വം, ഗുണനിലവാരമുള്ള ഭക്ഷണം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാണ് പുരസ്കാരം. തങ്ങളുടെ അർപ്പണബോധത്തിനും കഠിനാദ്ധ്വാനത്തിനുമുള്ള അംഗീകാരമാണ് എഫ്.ഐ.സി.സി.ഐ പുരസ്കാരമെന്ന് ആർ.പി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ആശിഷ് നായർ പറഞ്ഞു.
വിനോദസഞ്ചാരകേന്ദ്രമായ കോവളത്ത് എത്തുന്ന സഞ്ചാരികൾക്ക് ആഗോള നിലവാരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം അനുപമമായ ആതിഥ്യമര്യാദയോടെയാണ് ഇടപഴകുന്നത്. പാരമ്പര്യത്തിലും അംഗങ്ങളുടെ എണ്ണത്തിലും രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് കൂട്ടായ്മയായ എഫ്.ഐ.സി.സി.ഐയുടെ പുരസ്കാരം ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും ആശിഷ് നായർ വ്യക്തമാക്കി.
പത്മശ്രീ ഡോ. ബി. രവിപിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി ഗ്രൂപ്പിന്റെ കോവളം ലീല റാവിസിന് പുറമേ കൊല്ലം അഷ്ടമുടി ലീല റാവിസ്, കടവ് റാവിസ് റിസോർട്ട് ആൻഡ് സ്പാ, കോഴിക്കോട് റാവിസ് എന്നിവയെല്ലാം ഫൈവ് സ്റ്റാർ സൗകര്യത്തോടെയുള്ള ആഡംബര ഹോട്ടലുകളാണ്.
കൊവിഡിനെ തുടർന്ന് രൂക്ഷമായ പ്രതിസന്ധി നേരിട്ട മേഖലയാണ് ടൂറിസം, ഹോസ്പിറ്റാലിറ്റി രംഗങ്ങൾ. കഠിനാദ്ധ്വാനത്തിലൂടെ ഈ രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. സഞ്ചാരികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ സമ്മാനിച്ചാണ് മികച്ച തിരിച്ചുവരവും നേട്ടങ്ങളും സാദ്ധ്യമാക്കിയത്.
തരുൺ ശർമ്മ
എക്സിക്യുട്ടീവ് അസി. മാനേജർ
കോവളം ലീല റാവിസ്
കോവളം ലീല റാവിസിന് ലഭിച്ച പുരസ്കാരം തങ്ങൾക്ക് മാത്രമുള്ളതല്ല ടൂറിസം മേഖലയ്ക്കൊന്നാകെയുള്ള അംഗീകാരമാണ്. ഉജ്ജ്വലമായ മുന്നേറ്റും തുടരും.
എം.എസ്.ശരത്ത്
റീജിണൽ സെയിൽസ് ഡയറക്ടർ
ലീല റാവിസ് ഹോട്ടൽ, കോവളം & കൊല്ലം