കൊല്ലം: ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല ഡ്രൈവർമാർക്ക് കൊല്ലം കാവനാട് ബൈപ്പാസ് ടോൾ ബൂത്തിൽ നടത്തിവരുന്ന ചുക്ക് കാപ്പി വിതരണത്തിന് പിന്തുണയുമായി സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയും.
മോട്ടോർ വാഹന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രാക്ക് (ട്രോമ കെയർ ആൻഡ് റോഡ് ആക്‌സിഡന്റ് എയ്‌ഡ് സെന്റർ ഇൻ കൊല്ലം) എല്ലാ വർഷവും ഡിസംബർ 1 മുതൽ 31 വരെ ദേശീയപാതയിലെ വിവിധ സ്ഥലങ്ങളിൽ രാത്രികാല ഡ്രൈവർമാർക്ക് ചുക്ക് കാപ്പി വിതരണം ചെയ്തിരുന്നു.
രാത്രികാല അപകടങ്ങൾ കുറയ്ക്കുക, റോഡ് സുരക്ഷാ സന്ദേശം ഡ്രൈവർമാരിലെത്തിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കഴിഞ്ഞദിവസം ഇതുവഴി കടന്നുപോയ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ തിരുവനന്തപുരം സർക്കിൾ ചീഫ് ജനറൽ മാനേജർ വെങ്കട രമണബായി റെഡ്‌ഡി ട്രാക്കിന്റെ ബോധവത്കരണ പരിപാടിയിൽ പങ്കാളിയായി.
ഉദ്യമത്തിന് എസ്.ബി.ഐയുടെ പിന്തുണ അറിയിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. സി.ജി.എമ്മിന്റെ നിർദേശപ്രകാരം കൊല്ലം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് ഡെപ്യൂട്ടി ജനറൽ മാനേജർ എം.എ.മഹേഷ് കുമാർ, റീജണൽ മാനേജർ ഷീബ ചിത്തജൻ എന്നിവരുടെ നേതൃത്വത്തിൽ ബിഷപ്പ് ജെറോം നഗർ ശാഖയിലെ ജീവനക്കാരാണ് ചുക്ക് കാപ്പി വിതരണം നടത്തിയത്. ട്രാക്ക് പ്രസിഡന്റ് ശരത്ത് ചന്ദ്രൻ, വൈസ് പ്രസിഡന്റ് സന്തോഷ് തങ്കച്ചൻ, സാമൂഹ്യ പ്രവർത്തക ഉഷശ്രീ മേനോൻ, ബാങ്ക് ഉദ്യോഗസ്ഥർ, ട്രാക്ക് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.