പത്തനാപുരം: ക്രിസ്മസ് ആഘോഷത്തോടനുബന്ധിച്ച് ഗാന്ധിഭവൻ സംഘടിപ്പിച്ച നക്ഷത്രരാഗം 2022 കരോൾഗാന മത്സരത്തിൽ അഞ്ചൽ സെന്റ് ജോൺസ് ടീച്ചേഴ്സ് ക്വയർ ടീം ഇത്തവണയും ഒന്നാം സ്ഥാനം നേടി. അമ്പതിനായിരം രൂപയും മെമെന്റോയുമാണ് ഒന്നാം സമ്മാനം. രണ്ടാം സ്ഥാനം 25,000 രൂപയും മെമെന്റോയും ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്കൂളിലെ താരാപഥം ടീം നേടി. പതിനയ്യായിരം രൂപയും മെമെന്റോയും അടങ്ങുന്ന മൂന്നാം സ്ഥാനം കുണ്ടറ ലിറ്റിൽ ഫ്ളവർ മലങ്കര കാത്തലിക് ടീമാണ് നേടിയത്.
പത്തനാപുരം ഗാന്ധിഭവൻ സ്നേഹമന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന മത്സരത്തിൽ കേരളത്തിലുടനീളമുള്ള 14 ടീമുകളാണ് മാറ്റുരച്ചത്. കഴിഞ്ഞ വർഷവും ഗാന്ധിഭവൻ നക്ഷത്രരാഗം പരിപാടി സംഘടിപ്പിച്ചിരുന്നു. ദുബായ് കേന്ദ്രമായുള്ള ട്രിനിറ്റി ഗ്രൂപ്പ് ഒഫ് കമ്പനിയാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്യുന്നത്. 26 ന് പത്തനാപുരം ഗാന്ധിഭവനിൽ നടക്കുന്ന ക്രിസ്മസ് ആഘോഷ ചടങ്ങിൽ വച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.
പാടും പാതിരി എന്ന പേരിൽ സംഗീതരംഗത്ത് പ്രശസ്തനായ റവ.ഡോ.പോൾ പൂവത്തിങ്കൽ, ഗായകൻ കലാഭവൻ സാബു, സംഗീതസംവിധായകൻ ജോസഫ് മാത്യു എന്നിവരായിരുന്നു വിധികർത്താക്കൾ.
കരോൾഗാന മത്സരത്തിന്റെ ഉദ്ഘാടനം റവ.ഡോ.പോൾ പൂവത്തിങ്കൽ നിർവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ അദ്ധ്യക്ഷനായി. കലാഭവൻ സാബു, ജോസഫ് മാത്യു, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിൻസെന്റ് ഡാനിയേൽ, ഗായിക കെ.എസ്. പ്രിയ എന്നിവർ സംസാരിച്ചു.