എഴുകോൺ : 5.2 കോടി രൂപ ചെലവിൽ നെടുമൺകാവിൽ നിർമ്മിക്കുന്ന ആധുനിക മത്സ്യ മാർക്കറ്റിന്റെയും വ്യാപാര സമുച്ചയത്തിന്റെയും ശിലാസ്ഥാപനം 19ന് വൈകിട്ട് 4ന് നടക്കും. മന്ത്രിമാരായ വി.അബ്ദുൾ റഹ്മാൻ, കെ.എൻ.ബാലഗോപാൽ എന്നിവർ പങ്കെടുക്കും. മന്ത്രി കെ.എൻ. ബാലഗോപാൽ മുൻ കൈയെടുത്ത് സംസ്ഥാന സർക്കാരിൽ നിന്നാണ് ഫണ്ട് അനുവദിച്ചത്. രണ്ട് ബ്ലോക്കുകളായി 12304.675 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടങ്ങളാണ് നിർമിക്കുക. ഒന്നാം ബ്ലോക്കിൽ താഴെ 12 കടമുറികളുണ്ടാകും. ഒന്നാം നിലയിൽ മൂന്ന് ഓഫീസ് മുറികളും രണ്ടാം നിലയിൽ 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും ഓഫീസ് മുറിയും സജ്ജമാക്കും.
ഹൈടെക് സംവിധാനങ്ങൾ
രണ്ടാം ബ്ളോക്കിലാണ് മത്സ്യ മാർക്കറ്റ്. മത്സ്യവും മറ്റ് ഉത്പന്നങ്ങളും സൂക്ഷിക്കാൻ സെല്ലാർ സംവിധാനം, മത്സ്യം കേടുകൂടാതെ സൂക്ഷിക്കാനുള്ള ചില്ല് റൂം സംവിധാനം, മൂല്യ വർദ്ധിത ഉത്പന്നങ്ങളും മറ്റും ഒരുക്കുന്നതിനായി പ്രിപ്പറേഷൻ റൂം, ഗോഡൗൺ എന്നിവയും സമുച്ചയത്തിൽ ഉണ്ടാകും. മുകളിലത്തെ നിലയിൽ 10 മത്സ്യ സ്റ്റാളുകളും എട്ട് പച്ചക്കറി സ്റ്റാളുകളും തയ്യാറാക്കും. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങുന്നതിന് സൗകര്യമുണ്ടാകും. ഡ്രെയിനേജ്, ശുചിമുറികൾ, ചുറ്റുമതിൽ, ഗേറ്റ്, വൈദ്യുതീകരണം, ബയോഗ്യാസ് പ്ലാന്റ്, മഴവെള്ളസംഭരണി, സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ്, പാർക്കിംഗിനുള്ള ക്രമീകരണങ്ങൾ, വാട്ടർ ടാങ്കുകൾ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും.
സംഘാടക സ്വാഗതസംഘ യോഗം
നിർമാണോദ്‌ഘാടനം വിജയിപ്പിക്കുന്നതിന് നെടുമൺകാവ് സുരഭി ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സ്വാഗതസംഘ യോഗം കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. പ്രശോഭ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ പിള്ള സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയ സെക്രട്ടറി ജെ. രാമാനുജൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. മുരളീധരൻ, കോൺഗ്രസ് നേതാവ് ബി.രാജൻ പിള്ള, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എ. അഭിലാഷ്, കരീപ്ര സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ത്യാഗരാജൻ, എം.എസ്. ശ്രീകുമാർ, എൻ.എസ്.സജീവ്, എ. അജയഘോഷ്, ജി.മോഹനൻ, സന്ധ്യാഭാഗി, എസ്.എസ്.സുവിധ, ടി.എസ്.ഓമനക്കുട്ടൻ, സിന്ധു ഓമനക്കുട്ടൻ, സി.ജി.തിലകൻ എന്നിവർ സംസാരിച്ചു.