thimi

കൊല്ലം: പുനലൂർ പൊലീസ് കരവാളൂരിൽ വാഹന പരിശോധന നടത്തുന്നതിനിടയിൽ കാറിൽ നിന്ന് പത്ത് കിലോ തിമിംഗല ഛർദ്ദി പിടിച്ചെടുത്തു. കാറിലുണ്ടായിരുന്ന ഇരവിപുരം തെക്കേവിള കണ്ണങ്കോട്ട് തൊടിയിൽ വീട്ടിൽ രഘു, കാവനാട് ജോസ് ഭവനിൽ റോയി ജോസഫ്, ഇരവിപുരം തെക്കേവിള എച്ച്.പി.എഫ് മൻസിലിൽ മുഹമ്മദ് അസ്ഹർ, കടയ്ക്കൽ പള്ളിമുക്ക് ഇളമ്പൽ ഹൗസിൽ സൈഫുദ്ദീൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

തമിഴ്നാട്ടിൽ നിന്ന് കടയ്ക്കലെത്തിച്ച ശേഷം പുനലൂരിലേക്ക് വിൽക്കാൻ കൊണ്ടുപോകുന്നതിനിടയിലാണ് തിമിംഗല ഛർദ്ദി പിടിച്ചെടുത്തത്. തമിഴ്നാട് സ്വദേശി വിൽക്കാൻ കൈമാറിയതാണെന്നാണ് പിടിയിലായവരുടെ വിശദീകരണം. ഒരു കിലോ എഴ് ലക്ഷം രൂപയ്ക്ക് വിൽക്കാനായിരുന്നു പദ്ധതി. ഇവർക്ക് തിമിംഗല ഛർദ്ദി കൈമാറിയ തമിഴ്നാട് സ്വദേശിക്കായി തമിഴ്നാട് വനം വകുപ്പുമായി ചേർന്ന് അന്വേഷണം ആരംഭിച്ചു.

തിമിംഗല ഛർദ്ദിയുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ച ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.