xl
തൊഴിലുറപ്പ് തൊഴിലാളികൾ

തഴവ: ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ശാസ്ത്രീയമായ പഠനങ്ങളും നവീകരണങ്ങളും വേണമെന്ന ആവശ്യം ശക്തമായി. കേന്ദ്ര സർക്കാർ നടപ്പാക്കിയ അശാസ്ത്രീയ നവീകരണങ്ങളിലൂടെ കാർഷിക മേഖലയിൽ നിന്ന് പുറത്ത് പോയ തൊഴിലാളികൾക്ക് പൊതു ഉപകാരപ്രദമായ മേഖലകളിലൊന്നും തന്നെ തൊഴിൽ ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. മണ്ണ് - ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുവാൻ തൊഴിലാളികൾക്ക് ബാധ്യതയുണ്ടെങ്കിലും മൺ തോട് വെട്ടൽ ,കല്ലടുക്കൽ തുടങ്ങി ഭൂരിഭാഗം പ്രദേശത്തിനും യോജിക്കാത്ത ജോലികളാണ് തൊഴിലുറപ്പ് മാർഗരേഖയിൽ പറയുന്നത്.

തൊഴിലാളികൾ നിസഹായർ

ഇളക്കമുള്ള മണ്ണിൽ തോട് വെട്ടുന്നത് പ്രായോഗികമല്ലെന്നിരിക്കെ കോൺക്രീറ്റ് ഓടകൾ നിർമ്മിക്കുന്നതിനോ ,നിലവിലുള്ള ഓടകളിൽ ജലനിർഗമനം ഉറപ്പ് വരുത്തുന്നതിനോ തൊഴിലാളികൾക്ക് അനുവാദമില്ല. കുലശേഖരപുരം, തഴവ പഞ്ചായത്തുകളിലെ തഴത്തോടുകൾ, പന്നിത്തോട്, പാറ്റോലിത്തോട് എന്നിവയുടെ നവീകരണത്തിന് മനുഷ്യാദ്ധ്വാനം പോരെന്നിരിക്കെ അക്കാര്യത്തിലും തൊഴിലാളികൾ നിസഹായരാണ്

പരീക്ഷണങ്ങളുമായി പഞ്ചായത്തുകൾ

ചില സംസ്ഥാനങ്ങളിൽ തൊഴിലുറപ്പ് മേഖലയിൽ യന്ത്രവത്കരണം പ്രയോജനപ്പെടുത്തി തുടങ്ങിയെങ്കിലും ഇക്കാര്യത്തിൽ നാളിതുവരെ യാതൊരു നടപടികളും ഇവിടെ ഉണ്ടായിട്ടില്ല. തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട്, എം.സി.എഫ്, കിണർ, പൊതുകുളം എന്നിവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തുകൾ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇതിന് വിദഗ്ദ്ധ തൊഴിലാളികളുടെ സേവനം കൂടുതൽ വേണ്ടി വരുന്നതിനാൽ പദ്ധതിയുടെ പേരിൽ തൊഴിലാളികളുടെ അക്കൗണ്ടിലേക്ക് വരുന്ന പണം പോലും കരാറുകാർക്ക് നൽകേണ്ടി വരുന്ന ഗതികേടാണ്.

അധികൃതരുടെ അനാസ്ഥ

തൊഴിലുറപ്പ് പ്രവർത്തനം ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും ഒരോ പ്രദേശത്തും മണ്ണിന്റെ ഘടന , ജല നിർഗമന മാർഗങ്ങൾ, കൃഷി രീതികൾ എന്നിവയുടെ വ്യത്യസ്ഥതയ്ക്ക് അനുസരിച്ച് പദ്ധതികൾ തയ്യാറാക്കുവാൻ പോലും നടപടിയില്ലാത്ത സ്ഥിതിയാണ്. ഗ്ലാസ്സ് ,സിറാമിക് ,ടയർ, റബർ, പ്ലാസ്റ്റിക് തുടങ്ങിയ അജൈവ മാലിന്യങ്ങൾ കൃഷിസ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് കൈമാറൽ, പൊതുനിരത്തുകളുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ, പൊതു ജല നിർഗമന മാർഗങ്ങളുടെ സ്ഥിരം പരിപാലനം, ഗ്രൂപ്പ് ഫാമിംഗ് ,കയർ, കൈത്തറി, തഴപ്പായ്, മത്സ്യ സംസ്കരണം തുടങ്ങി പരമ്പരാഗത മേഖലകളുടെ പുനരുജ്ജീവനം തുടങ്ങി നിരവധി മേഖലകളിൽ തൊഴിലുറപ്പ് തൊഴിലാളികളെ കാര്യക്ഷമമായി ഉപയോഗിക്കാമെന്നിരിക്കെയാണ് അധികൃതർ ഗുരുതരമായ അനാസ്ഥ തുടരുന്നത്.