കൊല്ലം: കൊല്ലം - ചെങ്കോട്ട പാതയുടെ കുരുക്ക് അഴിക്കാൻ അടുത്ത കേന്ദ്രബഡ്‌ജറ്റിന് കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ജനങ്ങളുടെ അവസാന പ്രതീക്ഷയാണ് ഈ ബഡ‌്ജറ്റ്. കുണ്ടറ പള്ളിമുക്കിലെയും ഇളമ്പള്ളൂരിലെയും ലെവൽ ക്രോസുകളോട് ചേർന്ന് ഓവർ ബ്രിഡ്ജുകൾ നിർമ്മിക്കുക എന്നതാണ് കുരുക്കിന് പരിഹാരം. ബഡ‌്ജറ്റിൽ അതിനാവശ്യമായ ഫണ്ട് ഉൾപ്പെടുത്തുമെന്ന് കരുതുന്നു. ഇതിനായി
ജനപ്രതിനിധികളുടെ ശക്തമായ ഇടപെടൽ ഉണ്ടാകണമെന്നതാണ്
നാട്ടുകാരുടെ ആവശ്യം.
ലെവൽക്രോസ് ദുരിതം
വർഷങ്ങളായി ലെവൽ ക്രോസിൽ കുരുങ്ങി ദുരിതം അനുഭവിക്കുന്നവരാണ് നാട്ടുകാരും കൊല്ലം- ചെങ്കോട്ട, കൊല്ലം- തേനി പാതകളിലെ യാത്രക്കാരും.
പളളിമുക്ക്, ഇളമ്പള്ളൂർ, മുക്കട ലെവൽക്രോസുകളിൽ ദിവസേന മണിക്കൂറുകളാണ് യാത്രക്കാർ കുരുങ്ങിക്കിടക്കുന്നത്. തിരക്കുള്ള നേരങ്ങളിൽ വാഹനങ്ങളുടെ നിര കിലോമീറ്ററോളം നീളും. വ്യവസായ സ്ഥാപനങ്ങൾ, ഐ.ടി പാർക്ക് എന്നിവിടങ്ങളിലെ ജീവനക്കാരാണ് കുരുക്കിൽപ്പെടുന്നതിൽ അധികവും. ലെവൽ ക്രോസ് അടച്ചിരിക്കുമ്പോൾ ഫയർഫോഴ്സ്, ആംബുലൻസ് വാഹനങ്ങളും കുടുങ്ങിക്കിടക്കാറുണ്ട്
സ്ഥലമെടുപ്പ് കീറാമുട്ടി
പളളിമുക്കിൽ മേൽപ്പാലം നിർമ്മിക്കാൻ റെയിൽവേ മന്ത്രാലയം അനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന്റെ സ്ഥലമെടുപ്പാണ് തടസമായിരിക്കുന്നത്. കോയിക്കൽ ജംഗ്ഷൻ മുതൽ കരിക്കോട് വരെയുള്ള റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിനും പള്ളിമുക്കിൽ മേൽപ്പാലം നിർമ്മിക്കുന്നതിനുമായി 447.15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകിയെങ്കിലും അപ്രോച്ച് റോഡിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഉടമകളിൽ നിന്ന് എതിർപ്പുണ്ടായതോടെ പദ്ധതി മരവിക്കുകയായിരുന്നു.
..............................................................................................................................
റോഡിലെ കുരുക്കും ജനങ്ങളുടെ ദുരിതവും ആരും കാണുന്നില്ല. ബഡ്‌ജറ്റിൽ കൂടുതൽ തുക ഉൾപ്പെടുത്തി മേൽപ്പാല നിർമ്മാണം പൂർത്തിയാക്കണം
അശോക് കുമാർ, ഓട്ടോറിക്ഷാഡ്രൈവർ