കൊല്ലം: കാവനാട് മുതൽ മേവറം വരെയുള്ള പഴയ ദേശീയപാതയുടെ ഭാഗം നാല് വരിയാക്കുന്നതുൾപ്പടെ നഗരത്തിലെ വിവിധ റോഡുകൾ വീതി കൂട്ടി വികസിപ്പിക്കുന്ന സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതി യാഥാർത്ഥ്യമാകാൻ ധനവകുപ്പ് കനിയണം. റോഡ് വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 30 ശതമാനമായ 206.65 കോടിയും ഭരണച്ചെലവായ 50 ലക്ഷം രൂപയും ആവശ്യപ്പെട്ടുള്ള ഫയൽ ഇപ്പോൾ ധനകാര്യ വകുപ്പിന്റെ പരിഗണനയിലാണ്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള മൂന്ന് റോഡുകൾ വീതി കൂട്ടാൻ 8.341 ഹെക്ടർ ഭൂമിയാണ് ആകെ ഏറ്റെടുക്കേണ്ടത്. ഇതിനായി 688.83 കോടി വേണമെന്നാണ് ലാൻഡ് അക്വിസിഷൻ തഹസിൽദാരുടെ റിപ്പോർട്ട്. ഇത്രയധികം തുക സ്ഥലമേറ്റെടുക്കലിന് വേണ്ടിവരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തുക ആവശ്യപ്പെട്ടിട്ട് മാസങ്ങളായെങ്കിലും തീരുമാനം വൈകുകയാണ്. തീരുമാനം വൈകുന്തോറും ഭൂമി ഏറ്റെടുക്കലിനും നിർമ്മാണത്തിനുമുള്ള ചെലവും ഉയരും. കാവനാട്- മേവറം പാത 11.5 മീറ്റർ മുതൽ 20.2 മീറ്റർ വരെയും, റെയിൽവേ സ്റ്റേഷൻ- ഡിസന്റ് ജംഗ്ഷൻ റോഡ് 11.5 മുതൽ 22 മീറ്റർ വരെയും, തിരുമുല്ലാവാരം- കല്ലുപാലം- കച്ചേരി ജംഗ്ഷൻ റോഡ് 11.5 മീറ്റർ വരെ വീതിയിലും വികസിപ്പിക്കുന്നതാണ് പദ്ധതി.

കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർവഹണ ചുമതല. നിർമ്മാണത്തിന് പുറമേ 15 വർഷത്തെ പരിപാലനം കൂടി ഉൾപ്പെടുത്തിയാകും കരാർ. ഈ പദ്ധതി പ്രകാരം നവീകരിക്കുന്ന റോഡിൽ ഉടനീളം ഇരുവശങ്ങളിലും നടപ്പാത, തെരുവ് വിളക്ക്, മീഡിയൻ, ഹാൻഡ്റെയിൽ, ഓട, ഇടയ്ക്കിടെ വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. ജംഗ്ഷനുകളിൽ ട്രാഫിക് സിഗ്നൽ, റൗണ്ട് എബൗട്ട് തുടങ്ങിയ ക്രമീകരണങ്ങളും ഉണ്ടാകും.

രണ്ടാം ഘട്ടത്തിൽ

ഹെസ്കൂൾ ജംഗ്ഷൻ- തൃക്കടവൂർ റോഡ്

എസ്.എൻ കോളേജ് ജംഗ്ഷൻ- അമൃതകുളം റോഡ്

നെല്ലിമുക്ക്- മാമൂട്ടിൽക്കടവ് റോഡ്

രാമൻകുളങ്ങര- മരുത്തടി റോഡ്

കളക്ടറേറ്റ്- ആൽത്തറമൂട്- തങ്കശ്ശേരി-കാവൽ- അഞ്ചുകല്ലുംമൂട് റോഡ്

''സിറ്റി റോഡ് ഇമ്പ്രൂവ്മെന്റ് പദ്ധതിക്ക് പണം അനുവദിക്കുന്ന വിഷയം നിയമസഭയിലടക്കം ഉന്നയിച്ചു. പദ്ധതി യാഥാർത്ഥ്യമാക്കാൻ പിന്നാലെ നിൽക്കുകയാണ്.''

എം.മുകേഷ് എം.എൽ.എ