linkroad

കൊല്ലം: ലിങ്ക് റോഡ് നാലാംഘട്ടത്തിന് അനുമതി ലഭിക്കാൻ രൂപരേഖയിൽ മാറ്റം വരുത്താൻ ധാരണ. തേവള്ളി പാലത്തിന് അടിയിലുള്ള സ്പാനിന്റെ നീളം വർദ്ധിപ്പിക്കാനാണ് ആലോചന. ഇന്നലെ എം. മുകേഷ് എം.എൽ.എ കിഫ്ബി സി.ഇ.ഒ കെ.എം.എബ്രഹാമുമായി നടത്തിയ ചർച്ചയിലാണ് ഇതുസംബന്ധിച്ച് ധാരണയായത്.

സ്പാനിന്റെ നീളം

നിലവിലെ രൂപരേഖ പ്രകാരം തേവള്ളി പാലത്തിന് അടിയിലുള്ള ലിങ്ക് പാലത്തിന്റെ സ്പാനിന് 26 മീറ്റർ നീളം മാത്രമാണുള്ളത്. ഈ സ്പാനിന്റെ ഇരുവശങ്ങളിലെയും പൈലുകൾ തേവള്ളി പാലത്തിനോട് ചേർന്നായിരിക്കും. പൈലിംഗിനിടയിൽ നിലവിലെ പാലത്തിന് കേടുപാട് സംഭവിക്കാനും ഈ ഭാഗത്തെ ലിങ്ക് റോഡിന്റെ സ്പാനിന്റെ നീളം കുറയുന്നത് തേവള്ളി പാലത്തിന്റെ വീതികൂട്ടലിനെ ബാധിക്കാനും സാദ്ധ്യതയുണ്ട്. അതുകൊണ്ട് തേവള്ളി പാലത്തിന് അടിയിലുള്ള സ്പാനിന്റെ നീളം 40 മീറ്ററായെങ്കിലും വർദ്ധിപ്പിക്കാനാണ് ആലോചന. രൂപരേഖയിൽ മാറ്റം വരുത്തുന്നതിന് മുന്നോടിയായി നിർവഹണ ഏജൻസിയായ കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ വൈകാതെ സ്ഥല പരിശോധന നടത്തും.

നാലാംഘട്ടം അനുമതി

പുതിയ പാലവും തേവള്ളി പാലവും തമ്മിലുള്ള അകലം, പുതിയ പാലത്തിന് ജലനിരപ്പിൽ നിന്നുള്ള ഉയരം എന്നിവയിലെ കുറവ് ചൂണ്ടിക്കാട്ടി ലിങ്ക് റോഡ് തോപ്പിൽക്കടവിലേക്ക് നീട്ടുന്ന നാലാംഘട്ട പദ്ധതിക്ക് തടസവാദം ഉന്നയിച്ചിരുന്നു. എന്നാൽ അഷ്ടമുടിക്കായലിലെ പരമാവധി ജലനിരപ്പുമായും തേവള്ളി പാലവുമായും പുതിയ പാലത്തിന് ആവശ്യത്തിന് അകലമുണ്ടാകുമെന്ന കെ.ആർ.എഫ്.ബിയുടെ റിപ്പോർട്ട് കിഫ്ബി ഏകദേശം അംഗീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തേവള്ളി പാലത്തിന് അടിയിലെ സ്പാനിന്റെ നീളം കൂട്ടിയാൽ കിഫ്ബി നാലാംഘട്ട പദ്ധതിക്ക് അനുമതി നൽകിയേക്കും. നാലാംഘട്ടത്തിന് അനുമതി ലഭിച്ച ശേഷമേ നാല് മാസം മുൻപേ നിർമ്മാണം പൂർത്തിയായ ബസ് സ്റ്റാൻഡ് മുതൽ ഓലയിൽക്കടവ് വരെയുള്ള മൂന്നാം ഘട്ടം തുറന്നു നൽകുവെന്ന ഉറച്ച നിലപാടിലാണ് അധികൃതർ.