
കൊല്ലം: വ്യാപാരികൾക്ക് കൊവിഡ് സമാശ്വാസമായി ബഡ്‌ജറ്റിൽ പ്രഖ്യാപിച്ച 1000 കോടി രൂപ പ്രഖ്യാപനത്തിൽ ഒതുങ്ങിയത് അത്യന്തം ഖേദകരമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യാട്രേഡേഴ്സ് ദേശീയ സെക്രട്ടറിയുമായ എസ്.എസ്.മനോജ് പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാകൗൺസിൽ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പെൻഷൻ തുക വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി ബോർഡ് നടപടി വഞ്ചനയാണെന്നും കുറച്ച തുക കുടിശ്ശിക ഉൾപ്പെടെ അടിയന്തരമായി വിതരണം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാപ്രസിഡന്റുമായ എം.നസീർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആര്യശാല സുരേഷ് മുഖ്യപ്രഭാഷണം നടത്തി. കൊല്ലം ജില്ലയിലെ മുതിർന്ന വ്യാപാരി നേതാവ് ഹാജി എം.ഷാഹുദീനെ ആദരിച്ചു. വെഞ്ഞാറമ്മൂട് ശശി, അസീം മീഡിയ, സി. എസ്. മോഹൻദാസ്, ദുർഗാ ഗോപാലകൃഷ്ണൻ, കലയനാട് ചന്ദ്രൻ, റെജി നിസ, അലക്സാണ്ടർ തുടങ്ങിവർ സംസാരിച്ചു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊല്ലം ജില്ലാപ്രസിഡന്റായി എം. നസീറിനെയും വർക്കിംഗ് പ്രസിഡന്റായി സി. എസ്. മോഹൻദാസിനെയും ജനറൽ സെക്രട്ടറിയായി ദുർഗ്ഗാഗോപാലകൃഷ്ണനെയും
ട്രഷററായി ഐവി നെൽസനെയും തിരഞ്ഞെടുത്തു.