കൊല്ലം : കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ കവലയിൽ നഗരസഭ നിർമ്മിച്ച പൊതുകംഫർട്ട് സ്റ്റേഷൻ നാടിന് തുറന്നുകൊടുത്തു. ഇന്നലെ രാവിലെയാണ് ഉദ്ഘാടന ചടങ്ങ് വച്ചിരുന്നത്. എന്നാൽ ഉദ്ഘാടനത്തിന് മുൻപായി നഗരസഭ അധികൃതരെത്തിയപ്പോഴാണ് പൈപ്പുകളുടെയടക്കം തകരാറുകൾ ബോദ്ധ്യപ്പെട്ടത്. അറ്റകുറ്റപ്പണികൾ നടത്തിയശേഷം വൈകിട്ടോടെയാണ് നഗരസഭ ചെയർമാൻ എ.ഷാജു കംഫർട്ട് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തത്. വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മൂന്ന് വർഷം മുൻപാണ് ഇവിടെ പൊതുകംഫർട്ട് സ്റ്റേഷൻ നിർമ്മിച്ചതെങ്കിലും വെള്ളത്തിന്റെ ലഭ്യതയില്ലാഞ്ഞതിനാൽ ഉദ്ഘാടനം നടന്നില്ല. നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിപ്പോഴാണ്. റെയിൽവേ സ്റ്റേഷനിലെത്തുവരടക്കമുള്ളവർക്ക് പ്രയോജനപ്പെടും വിധം കൊല്ലം-തിരുമംഗലം ദേശീയപാതയോരത്തായാണ് കംഫർട്ട് സ്റ്റേഷൻ സ്ഥാപിച്ചത്.