കൊല്ലം : കൃഷിയിടങ്ങളിലെ കീടബാധയോർത്ത് കർഷകർ വിഷമിക്കേണ്ട, പൂച്ചെടികൾ നട്ടാൽ മതി, ഗുണം രണ്ടാണ്, കൃഷിയിടത്തിന് പൂക്കളുടെ മനോഹാരിതയും സുഗന്ധവും ഒപ്പം കീടങ്ങളെയും തുരത്താം ! സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ പുത്തുർ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ളാസ് വിദ്യാർത്ഥിനികളായ അരോമ.ആർ.അനിലും ശ്രേയ ബിനോയിയുമാണ് കീടങ്ങളെ അകറ്റാൻ പൂച്ചെടികൾ നടുന്നതിന്റെ സൂത്രവിദ്യയുമായെത്തിയത്. കോഴിക്കോട് മലബാർ ബൊട്ടാണിക്കൽ ഗാർഡനിൽ നടന്ന കോൺഗ്രസിൽ എ ഗ്രേഡും സ്വന്തമാക്കിയാണ് കുട്ടികൾ മടങ്ങിയത്.
പാടത്തുനിന്നും തുടങ്ങിയ പഠനം
പൂക്കളോടും പൂമ്പാറ്റകളോടും കിന്നാരം പറയേണ്ട പ്രായത്തിൽ നെൽപാടങ്ങളിലെ ശത്രു കീടങ്ങളെ പ്രകൃതി ദത്തമായി തുരത്തുന്നതിനെ കുറിച്ചായിരുന്നു ഇരുവരുടെയും പഠനം. മിത്ര കീടങ്ങളുടെ തോത് വർദ്ധിപ്പിച്ച് നെൽകൃഷി ലാഭകരാമാകുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുകയായിരുന്നു അവർ. ഒരു വർഷത്തോളം നീണ്ടുനിന്ന പരീക്ഷണ, നിരീക്ഷണങ്ങൾക്കൊടുവിലാണ് പ്രോജക്ട് തയ്യാറാക്കിയത്. അമിതമായ രാസ കീടനാശിനി പ്രയോഗം അവസാനിപ്പിച്ച്, പരിസ്ഥിതി സൗഹാർദമായ കാർഷിക ആവാസ വ്യവസ്ഥ രൂപപ്പെടുത്തി, മിത്ര കീടങ്ങളുടെ എണ്ണം കൂട്ടി, സംയോജിത കീട നിയന്ത്രണ മാർഗ്ഗത്തിലൂടെ കൂടുതൽ ഉല്പാദനം നേടാമെന്ന് മനസ്സിലാക്കി. നെൽവയലുകളിൽ ഞാറ് നടുന്നതിന് ഒരാഴ്ച മുൻപ് മാങ്ങാ നാറി,തുളസി,ബന്ദി, ജമന്തി,വെണ്ട തുടങ്ങിയ പ്രാദേശികമായി ലഭിക്കുന്ന പൂച്ചെടികൾ നട്ടുപിടിപ്പിച്ച്, തേനും പൂമ്പൊടിയും കൂട്ടി മിത്ര കീടങ്ങളുടെ ആഹാരം, വാസസ്ഥലം എന്നിവ വർദ്ധിപ്പിച്ച് പരിസ്ഥിതി പുനർനിർമ്മാണം നടത്തി. രാസ കീടനാശിനികൾ ഉപയോഗിക്കാതെ കീടബാധ നിയന്ത്രിക്കാമെന്ന് നിരീക്ഷണങ്ങളിലൂടെ കണ്ടെത്തുകയായിരുന്നു. പഠനങ്ങൾക്ക് പുത്തൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ശാസ്ത്ര അദ്ധ്യാപകരായ ആർ.എസ്.അർച്ചന, രമ്യ.പി.രാജൻ എന്നിവർ മാർഗ നിർദ്ദേശങ്ങൾ നൽകി.