
കൊല്ലം: നെടുമ്പന ഗ്രാമപഞ്ചായത്തിലെ അങ്കണവാടി ഹെൽപ്പർ, വർക്കർ നിയമനത്തിന് സാമൂഹ്യ പ്രവർത്തകരെന്ന പേരിൽ ഇടതുമുന്നണി നേതാക്കളെ മാത്രം ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. പ്രതിഷേധക്കാരെ അറ്റസ്റ്റ് ചെയ്ത് നീക്കുന്നതിനിടയിൽ പഞ്ചായത്ത് അംഗമായ ശോഭനകുമാരി കുഴഞ്ഞ് വീണു.
ജീവനക്കാരെ തിരഞ്ഞെടുക്കാനുള്ള ഇന്റർവ്യു നടക്കുകയായിരുന്ന നെടുമ്പന പഞ്ചായത്ത് ഓഫീസിലെ ഹാളിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരും യു.ഡി.എഫ് പഞ്ചായത്ത് അംഗങ്ങളും തള്ളിക്കയറുകയായിരുന്നു. ഇതിനിടയിൽ പഞ്ചായത്ത് അധികൃതർക്ക് പിന്തുണയുമായി സി.പി.എം പ്രവർത്തകർ സംഘടിച്ചതോടെ വാക്കേറ്റമായി. പൊലീസ് സമരക്കാരുമായി ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. പിന്നീട് ബലം പ്രയോഗിച്ച് നീക്കാൻ ശ്രമിച്ചു. എന്നാൽ സ്ത്രീകളെ അറസ്റ്റ് ചെയ്യാൻ വനിതാ പൊലീസുകാർ വേണമെന്ന് സമരക്കാർ വാശിപിടിച്ചു. പിന്നീട് ബലം പ്രയോഗിച്ച് നീക്കുന്നതിനിടയിലാണ്. ശോഭനകുമാരി കുഴഞ്ഞ് വീണത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രക്ഷോഭം ശക്തമാക്കും
സി.പി.എം ലോക്കൽ സെക്രട്ടറി , സി.പി.ഐ മണ്ഡലം സെക്രട്ടറി, മഹിളാ അസോസിയേഷൻ പ്രതിനിധി ഉൾപ്പടെയുള്ള അഞ്ച് ഇടതുമുന്നണി പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തിയുള്ള സമിതിയിലൂടെ ഇഷ്ടക്കാർക്ക് പിൻവാതിൽ വഴി ജോലി നൽകാനുള്ള പഞ്ചായത്തിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബ്ലോക്ക് പഞ്ചായത്ത് അംഗം ഫൈസൽ കുളപ്പാടം പറഞ്ഞു. പഞ്ചായത്ത് അംഗങ്ങളായ ശോഭനകുമാരി, ഹാഷിം, സുജ ബിജു, ഷീല മനോഹരൻ, കോൺഗ്രസ് നേതാക്കളായ കണ്ണനല്ലൂർ സമദ്, റോബിൻ മിയണ്ണൂർ, യൂത്ത് കോൺഗ്രസ് നേതാക്കളായ റാഷിദ് മുട്ടയ്ക്കാവ്, സജാദ് മലേവയൽ, ആഷിക്ക് ബൈജു, ഷെരീഫ് കുളപ്പാടം, ഷെമീർ, സുൽഫി ചാലക്കര, നിസാം പുന്നൂർ, ജേക്കബ്, റോബിൻ, അതുൽ, ഷാൻ, ഷാരിയർ, സെയിദലി, ഹരികുമാർ തുടങ്ങിയവർ നേതൃത്വം നൽകി. യു.ഡി.എഫ് അംഗങ്ങൾ കൂടി പങ്കെടുത്ത പഞ്ചായത്ത് കമ്മിറ്റിയിലാണ് അഭിമുഖത്തിനുള്ള സമിതിയെ തിരഞ്ഞെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.