 
കൊല്ലം : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങളായിട്ടും നെടുവത്തൂർ പഞ്ചായത്തിലെ പകൽവീട് തുറന്നില്ല. ജില്ലാ പഞ്ചായത്തിന്റെ 2016-17 വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് നെടുവത്തൂർ പുല്ലാമലയിൽ ആരോഗ്യ കേന്ദ്രത്തിന് സമീപത്തായി പകൽവീട് നിർമ്മിച്ചത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി പകൽവീടിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും പ്രവർത്തനം തുടങ്ങിയിരുന്നില്ല. പിന്നീട് അടുത്ത ഭരണസമിതി വന്നതോടെ കഴിഞ്ഞ ഏപ്രിൽ 21ന് ആരോഗ്യ കേന്ദ്രത്തിൽ ലബോറട്ടറി സംവിധാനം ഉൾപ്പെടെ ഉദ്ഘാടനം ചെയ്യാനായി മന്ത്രി കെ.എൻ.ബാലഗോപാൽ വന്ന ചടങ്ങിൽ പകൽവീടിന്റെ ഉദ്ഘാടനം വീണ്ടും നടത്തി. അതോടുകൂടി പ്രവർത്തനം തുടങ്ങുമെന്നാണ് നാട്ടുകാർ പ്രതീക്ഷിച്ചത്. എന്നാൽ ഇവിടേക്ക് പിന്നീടാരും തിരിഞ്ഞുപോലും നോക്കിയിട്ടില്ല. ഇപ്പോൾ കെട്ടിടം കാടുമൂടി നശിക്കാനും തുടങ്ങി.
ഒറ്റപ്പെട്ടുപോകുന്നവർക്ക് ആശ്വാസമാകാൻ
പഞ്ചായത്തിൽ പ്രായമായവർക്ക് പകൽനേരം വിശ്രമ സങ്കേതമൊരുക്കുകയാണ് പകൽവീടിന്റെ ലക്ഷ്യം. ഇവിടെ ടി.വിയും അനുബന്ധ സൗകര്യങ്ങളും ഒരുക്കുകയും വിശ്രമ, വിനോദ സൗകര്യങ്ങളൊരുക്കാനും ലക്ഷ്യമിട്ടിരുന്നു. വീടുകളിൽ ഒറ്റപ്പെട്ടുപോകുന്നവർക്ക് തീർത്തും ആശ്വാസകരമായി ഇവിടം മാറുമെന്നായിരുന്നു കണക്കുകൂട്ടൽ. ഭക്ഷണമടക്കമുള്ളവ നൽകി സൗഹൃദപരമായ അന്തരീക്ഷമൊരുക്കി ജീവിതത്തിന്റെ സായന്തനകാല പകലുകൾ ഇവിടെ ആഘോഷമാക്കുവാൻ ലക്ഷ്യമിട്ടത് വെറുതെയായതിന്റെ നിരാശയിലാണ് നാട്ടുകാർ. പകൽ വീട് ഇനി എന്നുണരുമെന്ന് ആർക്കുമറിയില്ല.