കൊല്ലം: ബൈപാസിൽ മങ്ങാട് ശ്രീശങ്കരാനാരായണ മൂർത്തി ക്ഷേത്രത്തിന് 965 മീറ്റർ മാറി ഗതാഗത സൗകര്യത്തോടു കൂടിയ അടിപ്പാത നിർമ്മിക്കാൻ നിർദ്ദേശം നൽകിയതായി കേന്ദ്ര ഉപരിതലഗതാഗത ദേശീയറോഡ് വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി എൻ.കെ.പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. പൊതുജനങ്ങൾക്കും വിശ്വാസികൾക്കും സുരക്ഷിതമായും സൗകര്യപ്രദമായും അമ്പലത്തിലെത്താൻ അടിപ്പാതയിൽ നിന്ന് സർവ്വീസ് റോഡ് നിർമ്മിക്കാനും നിർദ്ദേശമുണ്ട്. രണ്ട് വരിപ്പാതയുളള ബൈപാസ്,​ ആറ് വരിപ്പാതയായി വികസിപ്പിക്കാനുളള പദ്ധതിക്ക് കരാർ നൽകിയിട്ടുണ്ടെന്നും പദ്ധതിയുടെ ഭാഗമായിട്ടാണ് അടിപ്പാത വി.യു.എസ് നിർമ്മിക്കാൻ നിർദ്ദേശിച്ചിട്ടുളളതെന്നും അദ്ദേഹം അറിയിച്ചു. അമ്പലത്തിലെത്തുന്ന ഭക്തജനങ്ങൾക്കും പൊതുജനങ്ങൾക്കും സൗകര്യപ്രദമായ തരത്തിൽ അടിപ്പാതയും സർവ്വീസ് റോഡും നിർമ്മിക്കണമെന്ന എം.പി യുടെ ആവശ്യത്തിന് മറുപടിയായാണ് മന്ത്രി രേഖാമൂലം അറിയിപ്പ് നൽകിയത്. നിർമ്മാണത്തിന് ആവശ്യമായ നടപടികൾ പുരോഗമിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചതായി എൻ.കെ.പ്രേമചന്ദ്രൻ പറഞ്ഞു.