കൊല്ലം: ജില്ലാ കേരളോത്സവത്തിൽ 815 പോയിന്റ് നേടി ചടയമംഗലം ബ്ലോക്ക് ഓവർ ഓൾ ചാമ്പ്യൻമാരായി. കൊല്ലം കോർപ്പറേഷനാണ് രണ്ടാം സ്ഥാനം. കൊല്ലം കോർപ്പറേഷനിലെ ആർ.അദ്വൈത് കലാപ്രതിഭയായും ഹരിപ്രിയ കലാതിലകമായും തിരഞ്ഞെടുക്കപ്പെട്ടു. സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത മന്ത്രി ജെ.ചിഞ്ചുറാണി,​ ചടയമംഗലം ബ്ലോക്കിന്‌ ഓവറോൾ ട്രോഫി സമ്മാനിച്ചു. കായിക അഭിരുചി പ്രോത്സാഹിപ്പിക്കുന്നതിന് മുഴുവൻ പഞ്ചായത്തുകളിലും സ്റ്റേഡിയം നിർമിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചതായും പുതിയ തലമുറയിലെ കുട്ടികൾക്ക് സ്കൂൾ തലം മുതൽ പരിശീലനം നൽകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ്‌ സുമലാൽ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ പി. കെ.ഗോപൻ, വസന്ത രമേഷ്, യുവജന ക്ഷേമ ബോർഡ്‌ അംഗം സന്തോഷ്‌ കാല, യൂത്ത് പ്രോഗ്രാം ഓഫീസർ ബിന്ദു, ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.