എഴുകോൺ : ദേശീയ പാതയോരത്ത് റോഡിലെ കാഴ്ച മറച്ച് കുറ്റിച്ചെടികളും പാഴ്മരങ്ങളും തിങ്ങി വളരുന്നു. എഴുകോൺ ചീരങ്കാവ് മേഖലയിലാണ് വാഹന യാത്രികർക്കും കാൽനടക്കാർക്കും അസൗകര്യമായി റോഡിനിരുവശവും കാടുമൂടുന്നത്.
റെയിൽവേ ഭൂമിയിൽ വളരുന്ന പാഴ്ച്ചെടികളാണ് പാതയോരത്തേക്ക് നീളുന്നത്. കല്ലുംപുറം മുതൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ വരെയും എഴുകോൺ റെയിൽവേ മേൽപ്പാലം , അനുബന്ധ റോഡ്, തപാൽ ഓഫീസ് എന്നീ ഭാഗങ്ങളിലും കാൽനടക്കാർക്ക് സഞ്ചരിക്കാൻ ഇടമില്ലാത്ത നിലയിലാണ്.
വാഹനങ്ങൾ വരുമ്പോൾ ഭീതിയോടെ ഓടി മാറേണ്ട ഗതികേടിലാണ് യാത്രക്കാർ.
കാല് തെറ്റിയാൽ താഴ്ചയിലേക്ക്
എഴുകോൺ റെയിൽവേ മേൽപ്പാലത്തിൽ ഫുട്പാത്താകെ കുറ്റിച്ചെടികൾ വളർന്ന് നിൽക്കുകയാണ്. അനുബന്ധ റോഡിൽ എഴുകോൺ ജംഗ്ഷനിലേക്കെത്തുന്ന ഉയരം കൂടിയ ഭാഗത്താണ് അപകടകരമായ സ്ഥിതി. കാല് തെറ്റിയാൽ താഴ്ചയിലേക്ക് പതിക്കും. എഴുകോൺ പെട്രോൾ പമ്പിന് എതിർ വശത്തും കാൽനടക്കാരെ ബുദ്ധിമുട്ടിലാക്കുന്ന വിധമാണ് കാട് മൂടിയിരിക്കുന്നത്. മേൽപ്പാലത്തിനോട് ചേർന്ന് വലിയ തോതിൽ കാട് പടർന്നിട്ടുണ്ട്. ഇവിടെ റെയിൽവേ ട്രാക്കിലേക്ക് വീഴുന്ന വിധം മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥിതിയുമുണ്ട്. കാട് തെളിക്കാൻ റെയിൽവേയും ദേശീയ പാത അധികൃതരും നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അമ്പലത്തുംകാല മുതൽ ആറുമുറിക്കട വരെ പാതയോരം തെളിക്കേണ്ട ഉത്തരവാദിത്തം ദേശീയ പാത അതോറിട്ടിക്കാണ്. ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകാൻ ഗ്രാമപ്പഞ്ചായത്തിനോട് ആവശ്യപ്പെടും.
ആർ.വിജയപ്രകാശ്
ഗ്രാമപഞ്ചായത്ത് അംഗം, എഴുകോൺ
എഴുകോൺ ജംഗ്ഷൻ മുതൽ പോസ്റ്റ് ഓഫീസ് വരെ നടന്നു പോവുക എന്നത് ഏറെ സാഹസികമാണ്.
എ.ബി. ശ്രീനിധി,
വ്യാപാരി, എഴുകോൺ