
 വിദ്യാർത്ഥി സംഘടനകൾ അനധികൃതമായി സ്ഥാപിച്ചതെല്ലാം ചുട്ടെരിച്ചു
കൊല്ലം: എസ്.എൻ കോളേജ് തകർക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന വിദ്യാർത്ഥി സംഘടനകൾ കാമ്പസിനുള്ളിൽ അനധികൃതമായി സ്ഥാപിച്ചിരുന്നതെല്ലാം നീക്കി എസ്.എൻ.ഡി.പി യോഗം, എസ്.എൻ ട്രസ്റ്റ് പ്രവർത്തകർ കോളേജ് ശുദ്ധീകരിച്ചു. വിദ്യാർത്ഥി സംഘടനകൾ അനുമതിയില്ലാതെ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളും ബോർഡുകളും കൂട്ടിയിട്ട് അഗ്നിക്കിരയാക്കി. ഇന്നലെ കോളേജിൽ ചേർന്ന കോളേജ് സംരക്ഷണ സമിതിയുടെ വമ്പിച്ച യോഗത്തിന് ശേഷമാണ് അനധികൃത വസ്തുക്കൾ തൂത്തെറിഞ്ഞ് കോളേജ് സംരക്ഷണ പദ്ധതിക്ക് ശക്തമായ തുടക്കമിട്ടത്.
കവാടത്തിനു സമീപത്തെ വിദ്യാർത്ഥി സംഘടനകൾ കൈയടക്കി വച്ചിരുന്ന സെക്യൂരിറ്റി മുറി ഒഴിപ്പിച്ചു. പ്രിൻസിപ്പലിന്റെ ഓഫീസിന് മുന്നിൽ ടയറുകളും പലകയും നിരത്തിയും തോരണം കെട്ടിയും കൈവശപ്പെടുത്തിയിരുന്ന 'കോർണർ' നീക്കം ചെയ്തു. ഓഡിറ്റോറിയത്തിൽ സൂക്ഷിച്ചിരുന്ന കുറ്റൻ ബോർഡുകൾ ഉൾപ്പെടെ മുഴുവൻ സാമഗ്രികളും പുറത്തേക്കു മാറ്റി ചുട്ടെരിച്ചു. ഇരുമ്പു ചട്ടക്കൂടുകൾ നീക്കം ചെയ്തു. തടികൊണ്ടുള്ള ചട്ടക്കൂടുകൾ അഗ്നിക്കിരയാക്കി. കവാടത്തിനു സമീപത്തെ സെക്യൂരിറ്റിയുടെ മുറിയിൽ വിദ്യാർത്ഥി സംഘടനക്കാർ സൂക്ഷിച്ചിരുന്ന മുഴുവൻ സാധനങ്ങളും ചുട്ടുകരിച്ചു. പ്രിൻസിപ്പലിന്റെ ഓഫീസ് മുറിയുടെ മുന്നിലുള്ള കോർണറിൽ നിരത്തിയിട്ടിരുന്ന ടയറുകൾ പിക് അപ് ഓട്ടോയിൽ കയറ്റി പുറത്തുകളഞ്ഞു.
യശ്ശസ് തകർക്കാനുള്ള നീക്കം കണ്ടില്ലെന്ന്
നടിക്കില്ല: ഡോ.ജി.ജയദേവൻ
കോളജിന്റെ യശ്ശസ് തകർക്കാനുള്ള നീക്കം കണ്ടില്ലെന്നു നടക്കാനാകില്ലെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി. ജയദേവൻ പറഞ്ഞു. അഞ്ച് ശതമാനം വിദ്യാർത്ഥികളാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. ഇത് ബാക്കിയുള്ള വിദ്യാർത്ഥികളുടെയും പഠനാവസരം ഇല്ലാതാക്കുകയാണ്. ചില വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. നാക് അക്രഡിറ്റേഷനുള്ള നടപടികൾ തുടരവെ അതു തകർക്കുന്നതിനുള്ള ഗൂഢശ്രമമാണ് നടക്കുന്നത്. കോളജ് അങ്കണം
സൗന്ദര്യവൽക്കരിക്കുമ്പോൾ അതു വികൃതമാക്കുന്നതിനാണ് ഓഫീസിന് മുന്നിൽ ടയറുകൾ നിരത്തിയിട്ട് ഇരിപ്പിടം ഒരുക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
എസ്.എൻ.ഡി.പി യോഗം കൗൺസിലർ പി.സുന്ദരൻ, കൊല്ലം യൂണിയൻ പ്രസിഡന്റ് മോഹൻ ശങ്കർ, സെക്രട്ടറി എൻ. രാജേന്ദ്രൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ, ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി വിജയകുമാർ, കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ.അനിൽകുമാർ, ചവറ യൂണിയൻ പ്രസിഡന്റ് അരിനല്ലൂർ സഞ്ജയൻ, സെക്രട്ടറി കാരയിൽ അനീഷ് എന്നിവർ സംസാരിച്ചു. എസ്.എൻ.ഡി.പി യോഗം കൊല്ലം, കുണ്ടറ, ചവറ, ചാത്തന്നൂർ, കരുനാഗപ്പള്ളി യൂണിയനുകളിൽ നിന്നുള്ള പ്രവർത്തകർക്ക് പുറമേ എസ്.എൻ ട്രസ്റ്റ് പ്രവർത്തകരും പങ്കെടുത്തായിരുന്നു യോഗം.
വിദ്യാർഥികളെ ഇളക്കി വിടുന്നതിൽ ഒരു വിഭാഗം അദ്ധ്യാപകർക്കും പങ്കുണ്ട്. മറ്റ് ലക്ഷ്യങ്ങളോടെ വരുന്ന ചെറു ന്യൂനപക്ഷം പഠിക്കാനായി വരുന്ന ബഹുഭൂരിപക്ഷത്തിന്റെ ഭാവി തകർക്കുകയാണ്. അത് അനുവദിക്കില്ല.
മോഹൻ ശങ്കർ, കൊല്ലം യൂണിയൻ പ്രസിഡന്റ്
വിദ്യാർത്ഥി സംഘടനാ പ്രവർത്തനമെന്ന പേരിൽ വിദ്യാർത്ഥി വിരുദ്ധ പ്രവർത്തനമാണ് എസ്.എൻ കോളേജിൽ നടത്തുന്നത്. വിദ്യാർത്ഥികളെ ഇളക്കി വിടുന്നതിൽ ഏതെങ്കിലും അദ്ധ്യാപകന് പങ്കുണ്ടെന്നു തെളിഞ്ഞാൽ അവർ കോളജിൽ ഉണ്ടാകില്ല.
പി.സുന്ദരൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലർ
വിദ്യാർത്ഥി സംഘടനാ പ്രവർത്തനം കോടതി ഉത്തരവിലൂടെ നിരോധിച്ചിടത്താണ് ചില സംഘടനകൾ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നത്. പാവപ്പെട്ട വിദ്യാർത്ഥികൾ പഠിക്കുന്ന കോളേജാണ്. അവരുടെ പഠനാവസരം ഇല്ലാതാക്കുന്ന സമീപനം അംഗീകരിക്കാനാകില്ല.
എൻ. രാജേന്ദ്രൻ, കൊല്ലം യൂണിയൻ സെക്രട്ടറി
കോളേജിൽ അക്രമങ്ങൾ അനുവദിക്കില്ല. അക്കാദമിക് നിലവാരം ഉയർത്താനും സമാധാനാന്തരീക്ഷം ഉറപ്പാക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും ഉണ്ടാകും
എ. സോമരാജൻ, കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി
സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ
പ്രിൻസിപ്പലിന് പിന്തുണ
കൊല്ലം എസ്.എൻ കോളേജിൽ സമാധാനപരമായ പഠനാന്തരീക്ഷം ഉറപ്പാക്കാൻ പ്രിൻസിപ്പലിന് എല്ലാ പിന്തുണയും നൽകാൻ ഇന്നലെ ചേർന്ന കോളജ് സംരക്ഷണ സമിതിയുടെ യോഗം തീരുമാനം. ഇതിനായി എസ്.എൻ.ഡി.പി യോഗം കൊല്ലം, കുണ്ടറ, ചാത്തന്നൂർ, ചവറ, കരുനാഗപ്പള്ളി യൂണിയൻ ഭാരവാഹികളും, ട്രസ്റ്റ് അംഗങ്ങളും ഉൾപ്പെട്ട സ്റ്റിയറിംഗ് കമ്മിറ്റിയും യൂണിയനുകളുടെ നേതൃത്വത്തിൽ ആറ് സബ് കമ്മിറ്റികളും രൂപീകരിച്ചു. ദിവസവും കോളജിൽ സബ് കമ്മിറ്റികളുടെ സാന്നിദ്ധ്യമുണ്ടാകും. അക്രമത്തിലൂടെ കോളജ് തകർക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് നൂറ് കണക്കിന് പേർ പങ്കെടുത്ത യോഗത്തിൽ ഉയർന്നത്.
യോഗ തീരുമാനങ്ങൾ
 പഠനാന്തരീക്ഷം സുഗമമാക്കുന്നതിന് പ്രിൻസിപ്പലിന് പൂർണ പിന്തുണ
 ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി
 ക്ലാസ് ഇല്ലാത്തവർ അനാവശ്യമായി കാമ്പസിൽ തങ്ങാൻ അനുവദിക്കില്ല
 കാമ്പസിൽവിദ്യാർഥി സംഘടനകളുടെ സാമഗ്രികൾ സൂക്ഷിക്കാനും പ്രദർശിപ്പിക്കാനും അനുവദിക്കില്ല