 
തഴവ: കൊവിഡ്കാല കുടിശ്ശിക തീർക്കുവാൻ കഴിയാതെ സ്റ്റുഡിയോ ഉടമകൾ കടയൊഴിഞ്ഞ് പോകുന്നത് സങ്കടക്കാഴ്ചയാകുന്നു. കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒരു വർഷത്തിലധികം വിവാഹം, വിവാഹ നിശ്ചയം ,ഉത്സവങ്ങൾ ,പൊതു പരീക്ഷകൾ എന്നിവ നടക്കാതായതോടെ ഫോട്ടോഗ്രാഫർമാർക്ക് സ്റ്റുഡിയോയിലോ, പുറത്തോ യാതൊരു ജോലിയുമില്ലാത്ത അവസ്ഥയാണുണ്ടായത്. സാദ്ധ്യതയുള്ള മേഖലകളിൽ നിന്നൊക്കെ കടം വാങ്ങി വീട്ടു ചെലവ് നടത്തിവന്ന ഇവർക്ക് കട വാടക ഇനത്തിൽ വൻ കുടിശ്ശികയാണ് ഇക്കാലത്ത് വന്ന് ചേർന്നത്. നിയന്ത്രണങ്ങൾ മാറി നിലവിൽ വിപണി സജീവമായെങ്കിലും വലിയ സാമ്പത്തിക ബാദ്ധ്യതകളിൽ പെട്ടു പോയ ഇവരിൽ ഭൂരിഭാഗം പേർക്കും ഇപ്പോൾ സ്ഥാപനം നടത്തിക്കൊണ്ടു പോകുവാൻ മാർഗ്ഗമില്ലാത്ത അവസ്ഥയാണ്.
വീട്ടിൽ സ്റ്റുഡിയോ
ഭൂരിഭാഗം സ്റ്റുഡിയോകളും പ്രധാന റോഡുകളോട് ചേർന്ന് ജംഗ്ഷനുകൾ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്. ഇവിടെ 4000 മുതൽ 7000 രൂപ വരെയാണ് സ്റ്റുഡിയോ ഉടമകൾ പ്രതിമാസം വാടക ഇനത്തിൽ മാത്രം നൽകിയിരുന്നത്. കുലശേഖരപുരം, തഴവ പഞ്ചായത്തുകളിൽ മാത്രം നിരവധി സ്റ്റുഡിയോകളാണ് ഇതിനാലകം കൂടൊഴിഞ്ഞ് പോയത്. സ്റ്റുഡിയോകൾ അലങ്കരിച്ചിരുന്ന ബോർഡുകളും ഫ്രെയിമുകളും വീടിന്റെ ഭിത്തിയിൽ ചാരി വച്ച് മഴ നനഞ്ഞ് നശിച്ചും പോയി. വൈദ്യുതീകരിച്ച വലിയ അലങ്കാര ബോർഡുകൾക്ക് പകരം വീട്ടിൽ സ്റ്റുഡിയോ എന്ന ചെറിയ ബോർഡിൽ പലരും പ്രതീക്ഷ ബാക്കിവെയ്ക്കുകയാണ്.