കരുനാഗപ്പള്ളി: രണ്ടാഴ്ചകൾക്ക് മുമ്പ് കോൺക്രീറ്റ് ചെയ്ത ഗ്രാമീണ റോഡ് അപകടക്കെണിയായി. കുലശേഖരപുരം ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിന്റെ പരിധിയിൽ വരുന്ന ശക്തികളങ്ങര ക്ഷേത്രം, മുരൂർതാഴെ ജംഗ്ഷൻ അകത്തൂട്ട് ജംഗ്ഷൻ റോഡാണ് യാത്രക്കാർക്ക് അപകടം വിതയ്ക്കുന്നത്. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള റോഡാണിത്. 7 മീറ്ററോളം വീതി ഉണ്ടായിരുന്ന റോഡിൽ 4 മീറ്രർ ടാർ ചെയ്തതായിരുന്നു.
റോഡിന്റെ വശങ്ങൾ കുഴികളായി
കാലപ്പഴക്കത്തിൽ ടാറിംഗ് തകർന്നതിനെ തുടർന്നാണ് റോഡ് കോൺക്രീറ്റ് ചെയ്യാൻ തീരുമാനിച്ചത്. മുൻ എം.എൽ.എ ആർ.രാമചന്ദ്രന്റെ ശ്രമഫലമായി മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് 670 മീറ്റർ നീളത്തിൽ റോഡ് ഇപ്പോൾ കോൺക്രീറ്റ് ചെയ്തത്. 3 മീറ്റർ വീതിയിൽ കോൺക്രീറ്റിംഗ് പൂർത്തിയായതോടെ റോഡിന്റെ വശങ്ങൾ താഴ്ചയുള്ള ഇടങ്ങളായി മാറി. ഒരു സ്കൂൾ ബസ് റോഡിലൂടെ വന്നാൽ എതിരെ വരുന്ന വാഹനങ്ങൾക്ക് പോകാൻ കഴിയാതെ താഴ്ചയിലേക്ക് വീണു പോകുന്ന സ്ഥിതിയാണ്. അശാസ്ത്രീയമായ നിർമ്മാണമാണ് ഇപ്പോഴത്തെ ചതിക്കുഴിക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.