ചവറ : ദേശീയപാത വികസനത്തിന്റെ ഭാഗമായി ചവറ നിയോജകമണ്ഡലത്തിലെ കന്നേറ്റിമുതൽ കാവനാട് വരെ കുടിവെള്ള പൈപ്പുകൾ കടന്നുപോകുന്ന സ്ഥലങ്ങളിൽ ഹിറ്റാച്ചി, ഫ്രണ്ട്ഹെവി റോളറുകൾ ഉപയോഗിച്ച് പ്രവൃത്തികൾ ആരംഭിച്ചപ്പോൾ ശാസ്താംകോട്ടയിൽ നിന്നുള്ള പ്രധാന കുടിവെള്ളപൈപ്പുകളും ഡിസ്ട്രിബ്യൂഷൻ പൈപ്പുകളും ചവറ, പന്മന പഞ്ചായത്തിലെ ജലനിധി കുടിവെള്ള പൈപ്പുകളും പൊട്ടുകയും കുടിവെള്ളം തടസപ്പെടുകയും ചെയ്യുന്നു. കേരള വാട്ടർ അതോറിട്ടി നൽകിയ എസ്റ്റിമേറ്റ് അനുസരിച്ച് പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത് ദേശീയപാത അതോറിട്ടി ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും അറിയുന്നു. ഡ്രെയിനേജിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓടകളിൽ റോഡിൽ നിന്നുള്ള വെള്ളം ഒഴുകിപോകാനുള്ള സംവിധാനമേ ഏർപ്പെടുത്തിയിട്ടുള്ളു. റോഡിന് ഇരുവശവുമുള്ള വീടുകളിലെ വെള്ളം ഒഴുകിപോകാൻ ഡ്രെയിനേജ് സംവിധാനം ഇല്ലാത്തതിനാൽ വീടുകളിൽ വെള്ളം കയറാനുളള സാദ്ധ്യത കൂടുതലാണ്. ഈ രണ്ട് വിഷയങ്ങളും പരിഹരിക്കുന്നതിനുള്ള പ്രവൃത്തികൾ ദേശീയപാത അതോറിട്ടി ഉൾക്കൊള്ളിക്കണമെന്ന് ഡോ സുജിത് വിജയൻപിള്ള എം.എൽ.എ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ഈ രണ്ട് വിഷയങ്ങളും ദേശീയപാത അതോറിട്ടിയെ അറിയിച്ചിട്ടുണ്ടെന്നും വാട്ടർ അതോറിട്ടിയും ദേശീയപാത വികസന അതോറിട്ടിയും ബന്ധപ്പെട്ട് പരിഹാരനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അഡ്വ.പി.എ.മുഹമ്മദ് റിയാസ് മറുപടിയായി നിയമസഭയിൽ അറിയിച്ചു.