photo
എ.ഐ.വൈ.എഫിൻെറ നേതൃത്വത്തിൽ പ്രവർത്തകർ തെന്മല എസ്.ബി.ഐയിലേക്ക് നടത്തിയ യുവജന മാർച്ച്

പുനലൂർ: തെന്മല എസ്.ബി.ഐയിലെ നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന സംഭവത്തിൽ ഒളിവിൽ കഴിയുന്ന ജീവനക്കാരനെ ഉടൻ പിടികൂടുമെന്നും രണ്ട് നിക്ഷേപകരുടെ പരാതി ലഭിച്ചിട്ടുണ്ടെന്നും തെന്മല എസ്.ഐ സുബിൻ തങ്കച്ചൻ അറിയിച്ചു. രണ്ടുദിവസം മുമ്പ് തെന്മല സ്വദേശിയും നിക്ഷേപകനുമായ ഒരാൾ പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് അക്കൗണ്ടിൽ നിന്ന് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇയാളുടെ 5 ലക്ഷം രൂപ അക്കൗണ്ടിൽ ഉണ്ടായിരുന്നു. അതോടെ നിരവധി ഇടപാടുകാർ ബാങ്കിൽ എത്തിയപ്പോഴാണ് പലരുടെയും പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് ബാങ്കിലെ ഒരു താത്ക്കാലിക വനിതാജീവനക്കാരിയെ അധികൃതർ പിരിച്ച് വിട്ടു. സാമ്പത്തിക തിരിമറി നടത്തിയെന്ന് സംശയിക്കുന്ന ഒരു സീനിയർ ക്ലാർക്കിനെ പത്തനാപുരം ശാഖയിലേക്ക് സ്ഥലം മാറ്റിയിരുന്നു. അയാൾ ഇപ്പോൾ ഒളിവിലാണ്. എസ്.ബി.ഐയുടെ ഉന്നത ഉദ്യോഗസ്ഥർ തെന്മല ബ്രാഞ്ചിലെത്തി അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. ഇതിനൊപ്പം ബാങ്കിൽ പണം നിക്ഷേപിച്ച എല്ലാവരുടെയും തുക സുരക്ഷിതമാണെന്ന് അധികൃതർ ഉറപ്പ് നൽകി. പണം നഷ്ടപ്പെട്ടതായി പരാതി ഉയർന്ന സാഹചര്യത്തിൽ ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം വ്യാഴാഴ്ച പരാതി ഉന്നയിച്ചവരുടെ പണം ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നും അധികൃതർ അറിയിച്ചു.

പ്രതിഷേധ മാർച്ചും ധർണയും

ഡി.വൈ.എഫ്.ഐ, എ.ഐ.വൈ.എഫ്, കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ പ്രവർത്തകർ തെന്മല എസ്.ബി.ഐയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. ഡി.വൈ.എഫ്.ഐ നടത്തിയ സമരം ബ്ലോക്ക് ട്രഷറർ എബിഷിനു ഉദ്ഘാടനം ചെയ്തു. മഹേഷ് ഷിനു അദ്ധ്യക്ഷനായി. സുധീഷ്, ബിൻസ്മോൻ, പ്രഭുരാജ്, അജിത്, ബിപിൻമോൻ, സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി. എ.ഐ.വൈ.എഫ് നടത്തിയ മാർച്ച് മണ്ഡലം പ്രസിഡന്റ് ശരത്കുമാർ ഉദ്ഘാടനം ചെയ്തു.സി.പി.ഐ തെന്മല ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ.മോഹനൻ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ തെന്മല ഗോപകുമാർ,രതീഷ്, അനന്ദു തുടങ്ങിയവർ സംസാരിച്ചു.കോൺഗ്രസ് തെന്മല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് മണ്ഡലം പ്രസിഡന്റ് ഷിബു കൈമണ്ണിൽ ഉദ്ഘാടനം ചെയ്തു.സുദർശനൻ,ഷിജുശശിധരൻ,ബ്രിജി നാഗമല,കതിരേശൻ,രാമർ,ജിജി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.