sree

കൊല്ലം: ഭാരതത്തിന്റെ തത്വശാസ്ത്രത്തെയാണ് മാനവരാശി പ്രതീക്ഷയോടെ കാണുന്നതെന്ന് ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ, മഹാത്മജിയുടെ 153-ാം മത് ജന്മവാർഷിക ദ്വൈമാസവാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് കൊല്ലം പ്രസ് ക്ലബിൽ സംഘടിപ്പിച്ച

'രാഷ്ട്രപുരോഗതിക്ക് ഗാന്ധിയൻ കാഴ്ചപ്പാടുകളുടെ അനിവാര്യത'

എന്ന സെമിനാറും അവാർഡ് ദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ലോകം ഉറ്റുനോക്കുന്ന പ്രതിഭാസമാണ് ഗാന്ധിജി.മനുഷ്യസമൂഹത്തിന്റെ സമസ്തമേഖലകളെയും ഉൾക്കൊള്ളാൻ അനുഭവസമ്പത്തിലൂടെ ഗാന്ധിജിക്ക് കഴിഞ്ഞു. മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിക്കേണ്ടതല്ല, ഹൃദയത്തിൽ സന്നിവേശിപ്പിക്കേണ്ടതാണ് ഗാന്ധിജിയുടെ മഹത്വമെന്ന് പുതുതലമുറ മനസിലാക്കണമെന്നും പി.എസ്. ശ്രീധരൻപിള്ള പറഞ്ഞു.

മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷൻ ചെയർമാൻ എസ്. പ്രദീപ്കുമാർ അദ്ധ്യക്ഷനായിരുന്നു. ഫാ.ഡോ.ഒ.തോമസ്, ജെ.സുധാകരൻ, ഡോ.പി. ജയദേവൻ, ആ‌‍ർ.പ്രകാശൻ പിള്ള എന്നിവർ സംസാരിച്ചു. വിവിധ രംഗങ്ങളിൽ മികവ് പുലർത്തിയ ഡോ.ആർ. മണിക് കുമാർ, കെ.അനിൽവർമ്മ, സുനിൽ എൻ.പിള്ള, ഡോ.എം.സി.സിറിയക്, പി.ജോയി ജോസഫ്, യു.സുരേഷ്,

പി.സുബാഷ് ചന്ദ്രൻ എന്നിവർക്ക് മഹാത്മാഗാന്ധി എക്‌സലൻസ് അവാർഡുകൾ സമ്മാനിച്ചു.