 12 പെട്രോൾ പമ്പുകളിലും 14 പൊതു വിപണികളിലും ഒരേ സമയം പരിശോധന

കൊല്ലം: ജില്ലാകളക്ടറുടെ നിർദേശപ്രകാരം നടന്ന പരിശോധനയിൽ നാല് എൽ.പി.ജി ഔട്ട്ലെറ്റുകളിലും രണ്ട് പെട്രോൾ പമ്പുകളിലും ഏഴ് പൊതു വിപണിശാലകളിലും ക്രമക്കേടു കണ്ടെത്തി. ജില്ലാസപ്ളൈ ഓഫീസർ സി. വി. മോഹൻകുമാറിന്റെ മേൽനോട്ടത്തിൽ ഇന്നലെ രാവിലെ 7ന് ഒരേ സമയത്തായിരുന്നു പരിശോധന. 12 പെട്രോൾ പമ്പുകളും 14 പൊതു വിപണികളും പരിശോധനക്ക് വിധേയമാക്കി. എൽ.പി.ജി വിതരണത്തിൽ ക്രമക്കേടുകൾ നടക്കുന്നതായും ഗാർഹിക പാചക വാതക സിലിണ്ടറുകളുടെ വിതരണത്തിൽ അമിത സർവ്വീസ് ചാർജ്ജ് ഈടാക്കുന്നതായും പെട്രോളിയം ഉല്പന്നങ്ങളുടെ അളവിലും ഗുണമേന്മയിലും വ്യത്യാസമുള്ളതായും പരാതി ഉയർന്ന സാഹചര്യത്തിലായിരുന്നു പരിശോധന.

കൊല്ലം താലൂക്കിൽ രണ്ട് എൽ.പി.ജി ഔട്ട് ലെറ്റുകളിലും ഒരു പെട്രോൾ പമ്പിലും ക്രമക്കേട് കണ്ടെത്തി. പൊതുവിപണിയിൽ നടത്തിയ പരിശോധനയിൽ ഏഴ് ക്രമക്കേടുകൾ കണ്ടെത്തുകയുണ്ടായി. കൊട്ടാരക്കര താലൂക്കിലും കുന്നത്തൂരിലും ഓരോ ഗ്യാസ് ഏജൻസിയിലും പുനലൂരിൽ ഒരു പെട്രോൾ പമ്പിലും ക്രമക്കേട് കണ്ടെത്തി.