photo
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിർമ്മാണം പൂർത്തിയായ അഡ്മിനിസ്ട്രേഷൻ ബ്ളോക്ക് കെട്ടിടം

നിർമ്മാണച്ചെലവ് 4.15 കോടി രൂപ

14,738 ചതുരശ്ര വിസ്തീർണം

94 കോടിയുടെ മാസ്റ്റർ പ്ളാൻ

ആദ്യ ഘട്ട നിർമ്മാണം : 67.67 കോടി

മിനി മെഡിക്കൽ കോളേജ് ആകും

കൊട്ടാരക്കര : താലൂക്ക് ആശുപത്രിയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിന്റെ നിർമ്മാണം പൂർത്തിയായി. 21ന് മന്ത്രി വീണാജോർജ്ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തി കെട്ടിടങ്ങളുടെ നിർമ്മാണം വിലയിരുത്തിയിരുന്നു. കൊല്ലം- തിരുമംഗലം ദേശീയപാതയുടെ വശത്തായിട്ടാണ് ആശുപത്രിയുടെ മുഖമെന്ന നിലയിൽ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് പൂർത്തിയായത്. 4.15 കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. ആശുപത്രിയുടെ ആദ്യഘട്ട വികസന പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് ഈ ബഹുനില മന്ദിരം നിർമ്മിച്ചത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 94 കോടി രൂപയുടെ മാസ്റ്റർ പ്ളാനാണ് ആശുപത്രിയ്ക്കായി തയ്യാറാക്കിയിട്ടുള്ളത്. മിനി മെഡിക്കൽ കോളേജ് ആക്കുന്ന തരത്തിലാണ് പദ്ധതികൾ വിഭാവനം ചെയ്തിട്ടുള്ളത്. ആദ്യ ഘട്ട നിർമ്മാണത്തിന് 67.67 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഓഫീസുകൾ ക്രമീകരിക്കും

14,738 ചതുരശ്ര വിസ്തീർണമുള്ള നാലുനില അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്കിൽ സൂപ്രണ്ടിന്റെ ഓഫീസ്, ലേ സെക്രട്ടറിയടക്കം മറ്റ് ഓഫീസുകൾ, റെക്കാഡ് മുറി, കാന്റീൻ, ഡോക്ടർമാരുടെ ക്വാർട്ടേഴ്സ്, മിനി ഓഡിറ്റോറിയം എന്നിവലയാണ് സജ്ജമാക്കുന്നത്.

പത്ത് നില കെട്ടിടം ഉയരും

ആശുപത്രി വികസനത്തിന്റെ പ്രധാന ഘട്ടമെന്ന നിലയിൽ പത്തുനിലകളുള്ള കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ അടിത്തറ തൂണുകൾ സ്ഥാപിച്ചു. പഴയ കെട്ടിടങ്ങൾ( ഘട്ടംഘട്ടമായി പൊളിച്ചുകൊണ്ടാണ് നിർമ്മാണം നടത്തുന്നത്. അഡ്മിനിസ്ട്രേഷൻ ബ്ളോക്കിന് പുറമെ രണ്ട് പ്രധാന കെട്ടിടങ്ങളാണ് ഉയരുക. 2020 ഓഗസ്റ്റ് 25ന് ആരോഗ്യ മന്ത്രിയായിരുന്ന കെ.കെ.ശൈലജയാണ് കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം നടത്തിയത്. എന്നാൽ പലവിധ തടസങ്ങളുണ്ടായി നിർമ്മാണം നീണ്ടു. ആശുപത്രിയ്ക്കായി പുറകുവശത്തായി കൂടുതൽ സ്ഥലം വിലയ്ക്കുവാങ്ങി കെട്ടിട നിർമ്മാണം നടത്തുന്നുണ്ട്.

ആരോഗ്യ മന്ത്രി നാടിന് സമർപ്പിക്കും

ആശുപത്രിയിൽ നിർമ്മാണം പൂർത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ളോക്ക് 21ന് വൈകിട്ട് 4.30ന് മന്ത്രി വീണാ ജോർജ്ജ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷനാകും. കൊടിക്കുന്നിൽ സുരേഷ് എം.പി, നഗരസഭ ചെയർമാൻ എ.ഷാജു, വൈസ് ചെയർപേഴ്സൺ അനിത ഗോപകുമാർ, മറ്റ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുക്കും.