jilla
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ജില്ലാ ആശുപത്രിയിൽ സി.ടി സ്കാൻ യന്ത്രം സ്ഥാപിക്കുന്നതിന്റെ പുരോഗതി വിലയിരുത്തുന്നു

കൊല്ലം: ജില്ലാപഞ്ചായത്ത് അഞ്ച് കോടി ചെലവിൽ ജില്ലാആശുപത്രിക്ക് വാങ്ങി നൽകിയ സി.ടി സ്കാനിംഗ് യന്ത്രം 15 ദിവസത്തിനകം പ്രവർത്തിച്ച് തുടങ്ങും. കെ.എം.സി.എൽ മുഖേനയാണ് യന്ത്രം വാങ്ങി നൽകിയത്. തല മുതൽ മുതൽ പാദം വരെയുള്ള ഏത് ഭാഗത്ത് പരിക്കേറ്റാലും 20 മിനിട്ടിനുള്ളിൽ സ്കാൻ ചെയ്ത് റിസൾട്ട്‌ ലഭ്യമാകുമെന്നതാണ് യന്ത്രത്തിന്റെ പ്രത്യേകത.
യന്ത്രം പ്രവർത്തിപ്പിക്കുന്നതിന് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും. കൂടാതെ സ്കാനിംഗ് സൗകര്യം രാത്രിയിലും ലഭ്യമാക്കുന്നതിന് വിദഗ്ദ്ധരടങ്ങിയ പാനൽ രൂപീകരിക്കും. ഒരാഴ്ച കൊണ്ട് യന്ത്രം സ്ഥാപിക്കും. തുടർന്ന് ഒരാഴ്ച ട്രയൽ നടത്തിയ ശേഷമാകും പൊതുജനങ്ങൾക്ക് സേവനം നൽകുക.

ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയലും സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.കെ.ഗോപനും ആശുപത്രിയിലെത്തി യന്ത്രം സ്ഥാപിക്കുന്നതിന്റെ പുരോഗതി വിലയിരുത്തി.

17 വർഷം പഴക്കമുള്ള സ്കാനിംഗ് മെഷീനാണ് ഇപ്പോൾ ആശുപത്രിയിലുള്ളത്. അതിനാൽ അപകടങ്ങളിൽ പരിക്കേറ്റ് എത്തുന്നവരെ സ്കാനിംഗിനായി മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. പുതിയ മെഷീൻ പ്രവർത്തനസജ്ജമാകുന്നതോടെ അത് ഒഴിവാക്കി മെച്ചപ്പെട്ട സേവനം ലഭ്യമാക്കാനാകുമെന്ന് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാം കെ. ഡാനിയൽ പറഞ്ഞു.