
* പ്രോഗ്രാമർമാരെ മാറ്റി നിയമിച്ചു
കൊല്ലം: റവന്യു വകുപ്പിന്റെ എല്ലാ ഓൺലൈൻ സേവനങ്ങളും ലഭ്യമാക്കുന്ന ഒറ്റ പോർട്ടൽ തയ്യാറാക്കൻ സി-ഡിറ്റ്, എൻ.ഐ.സി എന്നിവിടങ്ങളിൽ നിന്ന് പ്രോഗ്രാമർമാരെ റവന്യു കമ്മിഷണറേറ്റിലെ ഐ.ടി സെല്ലിലേക്ക് മാറ്റി നിയമിച്ചു. ഒരു വർഷത്തിനുള്ളിൽ നിലവിൽ വരും.
റവന്യു വകുപ്പിൽ നിലവിൽ 20 പോർട്ടലുകളുണ്ട്. ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ട് എന്റെ ഭൂമി പോർട്ടലും ഉടൻ പ്രവർത്തനം തുടങ്ങും. ഇവയെല്ലാം ഒറ്റ പ്ളാറ്റ്ഫോമിൽ ലഭ്യമാക്കും.
2018ൽ മൂന്ന് പോർട്ടലുകളെ സംയോജിപ്പിച്ചെങ്കിലും പിന്നീട് ഇതിന്റെ ഉപയോഗം പ്രോത്സാഹിപ്പിച്ചില്ല. റവന്യു മന്ത്രി കെ. രാജൻ മുൻകൈയെടുത്താണ് ഒറ്റ പോർട്ടലിന് നടപടി തുടങ്ങിയത്.
വില്ലേജ് ഓഫീസുകളിൽ എല്ലാ പോർട്ടലുകളും ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഓരോന്നിനും ഓരോ യൂസർ ഐ.ഡിയും പാസ്വേഡുമാണ്. ഇവ എഴുതി സൂക്ഷിക്കാൻ പ്രത്യേക ഡയറി സൂക്ഷിക്കേണ്ട അവസ്ഥയാണ്.
പ്രധാന ഓൺലൈൻ
സേവനങ്ങൾ
ഇ- ഡിസിട്രിക്ട്, പോക്കുവരവ്, ഭൂനികുതി, റവന്യു റിക്കവറി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, പരാതി പരിഹാരം, പ്രളയ ധനസഹായം, കൊവിഡ് എക്സ്ഗ്രേഷ്യ, ഇ- ഓഫീസ്,ഐ ടി ആസ്തികളുടെ വിവരങ്ങളും സംരക്ഷണവും (എ.എം.എസ്), സ്വാതന്ത്ര്യ സമര പെൻഷനും വിവിധ രോഗങ്ങൾക്കുള്ള ധനസഹായവും, ഭൂമി തരം മാറ്റൽ, വില്ലേജ് ഓഫീസുകളിലെ വിവരങ്ങളടങ്ങിയ പോർട്ടൽ, ജീവനക്കാരുടെ വിവരങ്ങളടങ്ങിയ എച്ച്.ആർ.എം.എസ്, കെട്ടിടങ്ങളുടെ ഒറ്രത്തവണ നികുതി.