
കൊല്ലം: സി.ബി.എസ്.ഇ ക്ലസ്റ്റർ ലെവൽ ബാസ്‌കറ്റ്ബാൾ ടൂർണമെന്റ് 15,16, 17 തീയതികളിൽ ചവറ സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂളിൽ നടക്കും. സൗത്ത് സോൺ മത്സരത്തിൽ കേരളത്തിലെയും ലക്ഷദ്വീപ് ഉൾപ്പെടെയുള്ള വിവിധ സ്ഥലങ്ങളിൽ നിന്നുമായി 34 സ്കൂളുകളിലെ 20 പെൺകുട്ടികളുടെ ടീമും 34 ആൺകുട്ടികളുടെ ടീമും പങ്കെടുക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ വിജി വിനായക പത്രസമ്മേളനത്തിൽ അറിയിച്ചു.
കൊല്ലത്ത് ആദ്യമായാണ് സി.ബി.എസ്.ഇ സൗത്ത് സോൺ മത്സരം നടക്കുന്നത്. സുജിത്ത് വിജയൻപിള്ള എം.എൽ.എ ടൂർണമെന്റ് ഇന്ന് രാവിലെ ഉദ്‌ഘാടനം ചെയ്യും. വിദ്യാർത്ഥികൾക്ക് ഭക്ഷണവും താമസവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. 17ന് നടക്കുന്ന സമാപന സമ്മേളനം കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും കേരള ക്രിക്കറ്റ് അസോസിയേഷൻ മെമ്പറുമായ ആർ.അരുൺകുമാർ ഉദ്‌ഘാടനം ചെയ്യും. സ്ട്രാറ്റ്ഫഡ് പബ്ലിക് സ്കൂൾ ചെയർമാൻ അസീസ് കളീലിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. വിജി വിനായക, ഡയറക്ടർ അബ്ബാസ് കളീലിൽ, കെ.കെ.എം ട്രസ്റ്റ് സെക്രട്ടറി ഡോ.അനീഷ്.എ.ബക്കർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.