കൊല്ലം: മൺറോത്തുരുത്തിന്റെ അതിജീവനത്തിനായുള്ള സ്പെഷ്യൽ പാക്കേജിനായി 100 കോടിയുടെ പദ്ധതി സർക്കാരിന് സമർപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പദ്ധതി കോവൂർ കുഞ്ഞുമോൻ എം.എൽ.എ മന്ത്രി കെ.എൻ.ബാലഗോപാൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ വി.കെ.രാമചന്ദ്രൻ എന്നിവർക്ക് കൈമാറി.
ജില്ലാ പ്ളാനിംഗ് ഓഫീസർ പി.ജെ.ആമിനയും ഒപ്പമുണ്ടായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തെ ബഡ്‌ജറ്റിൽ സ്പെഷ്യൽ പാക്കേജായി തുക ഉൾപ്പെടുത്തി സമഗ്ര വികസന പദ്ധതികൾ ആവിഷ്കരിക്കുകയാണ് ലക്ഷ്യം. ജില്ലാ കളക്ടറുടെയും വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പ്രൊപ്പോസൽ തയ്യാറാക്കിയത്.
ജീവനോപാധികൾക്ക് മുൻതൂക്കം
കാലാവസ്ഥാ വ്യതിയാനവും വേലിയേറ്റവും മുലം ദുരിതം പേറുന്ന മൺറോത്തുരുത്തിലെ ജനങ്ങൾക്ക് ജീവനോപാധികൾ ഒരുക്കുന്നതിനുള്ള പദ്ധതികളാണ് നിർദേശങ്ങളിൽ പ്രധാനം. വേലിയേറ്റത്തെയും വെള്ളക്കെട്ടിനെയും അതിജീവിക്കുന്ന കൃഷികൾക്ക് മുൻതൂക്കം നൽകും. മത്സ്യക്കൃഷിക്കും പ്രാമുഖ്യമുണ്ട്. വെള്ളക്കെട്ടിൽ നശിക്കാത്ത വീടുകൾ, ഷെൽട്ടർ ഹോമുകൾ തുടങ്ങിവ നിർമ്മിക്കാനും റോഡുകൾ, പാലങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം, കനാലുകൾ, തോടുകൾ എന്നിവയുടെ നവീകരണത്തിനും പദ്ധതിയിൽ നിർദേശമുണ്ട്.