കൊല്ലം : കല്ലടയാറ്റിൽ കുന്നത്തൂർ പാലത്തിന് സമീപം അനധികൃത മണൽവാരൽ വ്യാപകം. രാത്രിയിൽ നടക്കുന്ന മണലൂറ്റിനെതിരെ അധികൃത‌ർ കണ്ണടയ്ക്കുന്നു. രാത്രി പതിനൊന്നിന് ശേഷമാണ് വള്ളങ്ങളിൽ ആളുകൾ കൂട്ടത്തോടെയെത്തി മണലൂറ്റുന്നത്. പുലർച്ചെ നാലോടെ തീർത്തിട്ട് സ്ഥലം വിടും. വള്ളങ്ങൾ മറ്റ് കരകളിലെത്തിച്ചാണ് കൂടുതലും ലോറിയിൽ കയറ്റുന്നത്. ചിലപ്പോൾ പാലത്തിന് സമീപത്തുവച്ചുതന്നെ ലോറികളിൽ മണൽ നിറയ്ക്കും. മാസങ്ങളായി തുടരുന്ന മണലൂറ്റ് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഫലമില്ല. നിരന്തരമായ മണലൂറ്റ് പാലത്തിന്റെ നിലനില്പിനും ദോഷകരമാണ്. പുത്തൂർ പൊലീസിന്റെ പരിധിയിലുള്ള ഭാഗത്താണ് കൂടുതൽ മണലൂറ്റ് നടക്കുന്നത്.

കരയിടിച്ചും മണലൂറ്റ്

ആറ്റുതീരങ്ങൾ ഇടിച്ച് വെള്ളത്തിൽ കലക്കി മണലാക്കി മാറ്റുന്ന രീതിയും ഇവിടെയുണ്ട്. തീരങ്ങൾ ഇടിക്കാനുള്ള സാമഗ്രികൾ വള്ളക്കാരുടെ പക്കലുണ്ട്. കരയിടിച്ച് വെള്ളത്തിലിട്ടാൽ നല്ല മണലായി മാറും. കല്ലടയാറിന്റെ തീരഭാഗങ്ങൾ മിക്കവയും ഇടിഞ്ഞു തള്ളിയത് മുൻകാലങ്ങളിൽ കരയിടിച്ച് മണലൂറ്റിയതുകൊണ്ടാണ്. ഉറപ്പുള്ള ഭാഗം ഇടിക്കുകയും പിന്നീട് പെരുമഴക്കാലംവരുമ്പോൾ ശേഷിക്കുന്ന ഭാഗം ഇടിഞ്ഞുതള്ളുകയുമാണ്.

പിഴ കൂട്ടും, പിടിക്കില്ലെന്ന് മാത്രം

കേരള നദീസംരക്ഷണവും മണൽ വാരൽ നിയന്ത്രണവും ഭേദഗതി ബില്ല് വരുന്നതോടെ നദികളിൽ നിന്നും മണൽ വാരിയാലുള്ള പിഴത്തുക 5 ലക്ഷമാക്കി ഉയരുകയാണ്. നേരത്തെ ഇത് 25,000 രൂപ മാത്രമായിരുന്നു. ചട്ടലംഘനം നടത്തുന്ന ഓരോ ദിവസത്തിനും 1000 രൂപ അധിക പിഴയുള്ളത് 50,000 ആക്കിയും വർദ്ധിപ്പിക്കുന്നു. കണ്ടുകെട്ടുന്ന മണലിന്റെ മതിപ്പുവില അതാത് കളക്ടർമാർക്ക് നിശ്ചയിച്ച് ലേലം ചെയ്ത് സ്ഥാപനങ്ങൾക്കോ വ്യക്തികൾക്കോ വില്ക്കാം. നിയമ വ്യവസ്ഥകൾ കർക്കശമാക്കുന്നത് നദികളിലെ അനധികൃത മണലൂറ്റ് തടയാനാണ്. എന്നാൽ രാത്രികാലങ്ങളിൽ നടക്കുന്ന മണലൂറ്റ് കണ്ടില്ലെന്ന് നടിക്കുന്നവർക്ക് എങ്ങിനെ പിഴയിടാനാകും.