കൊല്ലം: എസ്.എഫ്.ഐയുടെ ആക്രമണ രാഷ്ട്രീയത്തിനെതിരെ എ.ഐ.എസ്.എഫ് - എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനത്തിൽ ആയിരങ്ങൾ അണിനിരന്നു.
എസ്.എഫ്.ഐക്കെതിരെ മുദ്രാവാക്യങ്ങൾ ഉയർത്തി പീരങ്കി മൈതാനത്ത് നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി ചിന്നക്കടയിൽ സമാപിച്ചു. തുടർന്ന് നടന്ന വിദ്യാർത്ഥി- യുവജന കൂട്ടായ്മ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി.കബീർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് ടി.എസ്.നിതീഷ് അദ്ധ്യക്ഷനായി. എ.ഐ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ആർ.എസ്.രാഹുൽരാജ് എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി എസ്.വിനോദ് കുമാർ, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി എ.അധിൻ, പ്രസിഡന്റ് അനന്തു.എസ് പോച്ചയിൽ, എ.ഐ.വൈ.എഫ് ദേശീയ കൗൺസിൽ അംഗം അഡ്വ. വിനീത വിൻസെന്റ് എന്നിവർ സംസാരിച്ചു.
എസ്.എഫ്.ഐക്കും
സംഘപരിവാറിനും ഒരേ ശബ്ദം
കേരളത്തിൽ എസ്.എഫ്.ഐക്കും സംഘപരിവാറിനും ഒരേ ശബ്ദമാണ്. ഏതാനും വിജയങ്ങളിൽ മതിമറന്ന് കേരളത്തിൽ എസ്.എഫ്.ഐ നടത്തുന്ന അക്രമങ്ങൾക്ക് സി.പി.എം കുടപിടിക്കുകയാണ്. ഏക സംഘടന എന്ന ആർ.എസ്.എസിന്റെ അജണ്ടയാണ് കേരളത്തിലെ കാമ്പസുകളിൽ എസ്.എഫ്.ഐ നടപ്പാക്കാൻ ശ്രമിക്കുന്നത്. പിന്നെങ്ങനെ സംഘപരിവാറിന്റെ ഫാസിസത്തെ എതിർക്കും. കഞ്ചാവ് സംഘങ്ങളും മാരക ലഹരിമരുന്നുകളും ഉപയോഗിക്കുന്നവരാണ് ഇവിടുത്തെ എസ്.എഫ്.ഐ പ്രവർത്തകരിൽ വലിയൊരു വിഭാഗം. അവർ സംഘപരിവാറുകാരെ പോലെ വടിവാളും വെട്ടികത്തിയുമായാണ് മറ്റ് വിദ്യാർത്ഥി സംഘടനാ പ്രവർത്തകരെ ആക്രമിക്കുന്നത്. രാജ്യത്തുള്ള പതിനായിരത്തോളം കോളേജുകളിൽ പത്ത് ശതമാനത്തിൽ പോലും എസ്.എഫ്.ഐയില്ലെന്നും കബീർ പറഞ്ഞു.
എസ്.എഫ്.ഐ ഒളിക്കുന്നത്
എ.ഐ.എസ്.എഫ് ഓഫീസിൽ
കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ സംഘപരിവാറുകാർ അടിച്ചോടിക്കുമ്പോൾ എസ്.എഫ്.ഐ പ്രവർത്തകർ ഒളിക്കുന്നത് തങ്ങളുടെ ഓഫീസുകളിലാണെന്ന് എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി പി. കബീർ പറഞ്ഞു.