കൊല്ലം : പത്തനാപുരത്തും സമീപ പഞ്ചായത്തുകളിലും കാട്ടുപന്നിശല്യം രൂക്ഷമാകുന്നു. നാട്ടുകാർ പരാതിയുമായി സമീപിക്കുമ്പോൾ പന്നിയെ വെടിവെച്ച് കൊല്ലാനുള്ള ഫണ്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഒരു ദിവസം ആയിരം രൂപയോളമാണ് പന്നിയെ കൊല്ലാനുള്ള ചെലവ്. പത്തനാപുരം ഫോറസ്റ്ര് റേഞ്ച് ഓഫീസിന് അരക്കിലോമീറ്റർ മാത്രം അകലെ നടക്കുന്ന പന്നികളുടെ വിളയാട്ടത്തിൽ ഫോറസ്റ്റുകാരും കയ്യൊഴിഞ്ഞ മട്ടാണ്. പന്നികളെക്കൊല്ലാനുള്ള ഉണ്ടയില്ല എന്നാണ് ഫോറസ്റ്ര് അധികൃതരുടെ വിശദീകരണം.

വീടിന് പുറത്തിറങ്ങാതെ

പത്തനാപുരം യു.ഐ.ടി കോളേജിനോട് ചേർന്ന് കിടക്കുന്ന കാടുപിടിച്ച സ്ഥലത്തും കനാലിന്റെ സമീപത്തുള്ള റബർ തോട്ടത്തിലും സമീപ പ്രദേശങ്ങളിലുമാണ് പന്നി ശല്യമുള്ളത്. ഭയം കാരണം കുട്ടികളും സ്ത്രീകളുമടക്കം പകൽ സമയം പോലും വീടിന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയിലാണ്. അത്യാവശ്യ ഘട്ടങ്ങളിലെ യാത്ര പോലും ഒഴിവാക്കേണ്ട സാഹചര്യത്തിലാണ് പ്രദേശവാസികൾ. യു.ഐ.ടി കോളേജിലെ വിദ്യാർത്ഥികൾക്കും പന്നിശല്യം ഭീഷണിയാകുന്നുണ്ട്. പഞ്ചായത്തിലെ കൂടുതൽ ആളുകൾ താമസിക്കുന്ന സെൻട്രൽ ടൗൺ വാർഡിലെ കാടുപിടിച്ച് കിടക്കുന്ന പ്രദേശത്താണ് കാട്ടു പന്നികൾ കൂട്ടത്തോടെ വിഹരിക്കുന്നത്. രാത്രിയായാൽ ഇവ റോഡിലേക്കും വീടിനു പരിസരങ്ങളിലും അലഞ്ഞുതിരിയും. രാവിലെ പ്രഭാത സവാരി ചെയ്യുന്നവരെ അക്രമിക്കാൻ പന്നികൾ ഓടിയടുത്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

അധികൃതർക്ക് നിവേദനം നൽകി

കഴിഞ്ഞ ദിവസം തലവൂർ പഞ്ചായത്തിലെ നാലുപേർക്ക് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ഇതിൽ ഒരാൾ ഗുരുതരമായി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന പന്നികളുടെ ശല്യം ഇല്ലാതാക്കുന്നതിന് അടിയന്തര നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാവുകയാണിപ്പോൾ. ചേലക്കോട് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൾ റഹ്മാൻ, ട്രഷറർ സി.എം.മജീദ് എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്ത് , വനം വകുപ്പ് അധികൃതർക്ക് നിവേദനം നല്കിയിട്ടുണ്ട്.