കൊട്ടിയം : കളിക്കളത്തിനുള്ള സ്ഥലത്ത് സ്കൂൾ കെട്ടിട നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. കെട്ടിട നിർമാണത്തിന് മുന്നോടിയായുള്ള മണ്ണ് പരിശോധന ആരംഭിച്ചപ്പോഴാണ് പ്രതിഷേധവുമായി ഇവർ എത്തിയത്. തട്ടാമലയിലെ ഇരവിപുരം ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കളിസ്ഥലത്ത് കെട്ടിടം നിർമ്മിക്കാനുള്ള നടപടിക്കെതിരെയാണ് പ്രതിഷേധം ഉയർന്നത്.
ഇന്നലെ ഉച്ചയോടെയാണ് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിദ്യാർത്ഥികളൊടൊപ്പം പ്രതിഷേധവുമായി എത്തിയത്. ആയിരത്തി അഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിന് ഇവിടെ കെട്ടിടം കെട്ടിയാൽ കുട്ടികൾക്ക് കളിക്കുവാൻ സ്ഥലം ഇല്ലാതാകുമെന്നാണ് നാട്ടുകാരും പ്രതിഷേധക്കാരും പറഞ്ഞു. കോൺഗ്രസ് മണക്കാട് മണ്ഡലം പ്രസിഡന്റ് പാലത്തറ രാജീവ്, ഇരവിപുരം മണ്ഡലം പ്രസിഡന്റ് കമറുദ്ദീൻ, ബ്ലോക്ക് ഭാരവാഹികളായ മണിയംകുളം കലാം, എസ്.അൻസർ, നാസർ പന്ത്രണ്ടു മുറി, അനസ് പിണയ്ക്കൽ,സനോഫർ, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് അസൈൻ പള്ളിമുക്ക്, യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി ഷാജി ഷാഹുൽ, യൂത്ത് കോൺഗ്രസ് ഇരവിപുരം അസംബ്ലി മണ്ഡലം പ്രസിഡന്റ് പിണയ്ക്കൽ ഫൈസ്, ഐ.എൻ.ടി.യു.സി നേതാവ് കടകംപള്ളി മനോജ്, ആരിഫ് എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.