കൊല്ലം : എക്‌സൈസ് സ്പെഷ്യൽ സ്‌ക്വാഡ് ക്രിസ്തുമസ് ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള ഓപ്പറേഷൻ മിസ്റ്റിൽ പെരിനാട് വില്ലേജിൽ ചെറുമൂട് കൃഷിഭവന് സമീപത്ത് നിന്ന് എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. പെരിനാട് ,പാറപ്പുറം മുറിയിൽ കൊഴിഞ്ഞവിള വീട്ടിൽ ശ്യാം (33)​ ആണ് 1.5 ഗ്രാം എം.ഡി.എം.എയുമായി അറസ്റ്റിലായത്. സ്കൂട്ടറിൽ ചെറു പാക്കറ്റിലാക്കി വില്പന നടത്തുന്നതിനിടെയാണ് എക്‌സൈസ് ഷാഡോ സംഘം പിടികൂടിയത്. കൊല്ലം എക്‌സൈസ് ഇന്റലിജൻസ് ബ്യുറോയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്പെഷ്യൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ ബി.വിഷ്ണുവിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.

പ്രതിയുടെ കൂട്ടാളിയായ ചന്ദനത്തോപ്പ് സ്വദേശിക്കായും മയക്കുമരുന്ന് ശൃഖലയ്ക്കുമായി വിശദമായ അന്വേഷണം നടത്തുമെന്ന് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടോണി ജോസ് അറിയിച്ചു.അസി. എക്‌സൈസ് ഇൻസ്‌പെക്ടർ എം.മനോജ്‌ലാൽ,​ പ്രിവന്റീവ് ഓഫീസർമാരായ ആർ.മനു, ജി.ശ്രീകുമാർ,​ സിവിൽ എക്‌സൈസ് ഓഫീസർമാരായ ശ്രീനാഥ് ,അജിത് ബാലകൃഷ്ണൻ ,മുഹമ്മദ് കാഹിൽ ബഷീർ ,നിഥിൻ ,അജീഷ് ബാബു, ജാസ്മിൻ,​ എക്‌സൈസ് ഡ്രൈവർ സുഭാഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.