കൊട്ടാരക്കര : രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അക്ഷരങ്ങളുമായി സല്ലപിക്കാനും വിരസതയകറ്റാനും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഒരു അക്ഷരക്കൂടാരമൊരുങ്ങി. താലൂക്ക് ആശുപത്രിയും സംസ്കൃതി കൾച്ചറൽ സൊസൈറ്റിയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊട്ടാരക്കര യൂണിറ്റും ചേർന്നാണ് ആശുപത്രിവളപ്പിൽ ലൈബ്രറി സ്ഥാപിച്ചത്. നവംബർ 28ന് നഗരസഭ ചെയർമാൻ എ.ഷാജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സി.അംഗം ഡോ.പി.കെ.ഗോപനാണ് ലൈബ്രറി ഉദ്ഘാടനം ചെയ്തത്. നോവലും കഥയും കവിതയും ലേഖനങ്ങളും ജീവചരിത്രങ്ങളും തമാശക്കഥകളും ഫിക്ഷൻ, നോൺഫിക്ഷൻ, കുട്ടിപ്പുസ്തകങ്ങൾ എന്നിവയൊക്കെയുണ്ട്. അറുന്നൂറിൽപരം പുസ്തകങ്ങളുമായി തുടങ്ങിയ ലൈബ്രറി ഇനി വിപുലീകരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഇതിനായി പൊതുജനങ്ങൾക്കും പുസ്തകങ്ങൾ സംഭാവന ചെയ്യാം. പുസ്തകങ്ങൾ എണ്ണത്തിൽ കൂടുന്നത് കൂടുതൽ ഗുണം ചെയ്യും. പുസ്തകങ്ങൾ സംഭാവന ചെയ്യാൻ താത്പര്യമുള്ളവർക്ക് 9447142666 ഈ നമ്പരിൽ ബന്ധപ്പെടാം.

വായിച്ചിട്ട് തിരികെ നൽകണം

ആശുപത്രിയുടെ പ്രധാന കെട്ടിടത്തിന്റെ പ്രവേശന കവാടം കടന്നാൽ ആദ്യം കാണുന്നത് ലൈബ്രറിയാണ്. ആശുപത്രി ജീവനക്കാർക്കും കിടപ്പുരോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശുപത്രി സന്ദർശിക്കുന്നവർക്കുമൊക്കെ പുസ്തകങ്ങൾ നോക്കാം. വായിച്ചിട്ട് തിരികെ നൽകണം. കിടപ്പുരോഗികൾക്ക് ആവശ്യപ്പെട്ടാൽ കിടക്കയിൽ പുസ്തകം എത്തിച്ചു നൽകാനും ക്രമീകരണം ഉണ്ടാക്കും. ഡിസ്ചാർജ്ജ് ആകുമ്പോൾ പുസ്തകം തിരികെ ഏൽപ്പിക്കണമെന്നുമാത്രം. പുസ്തകങ്ങളുടെ എണ്ണം കൂടുന്നതോടെ ആശുപത്രിയുടെ വിവിധ കോണുകളിൽ പുസ്തകക്കൂടുകളൊരുക്കാനും പദ്ധതിയുണ്ട്. വായനയ്ക്ക് ശേഷം ക്വിസ്, വായനാ കുറിപ്പ് തുടങ്ങി വിവിധ മത്സരങ്ങളും നടത്താനാണ് തീരുമാനം.

യോഗയും ബാഡ്മിന്റണും

താലൂക്ക് ആശുപത്രിയിൽ യോഗ മെഡിറ്റേഷൻ ഹാൾ, പ്രാർത്ഥനാ ഹാൾ, ബാഡ്മിന്റൺ കോർട്ട്, മിനി കോൺഫറൻസ് ഹാൾ, ചിൽഡ്രൻസ് പ്ളേ സ്റ്റേഷൻ എന്നിവയും സ്ഥാപിച്ചു. സൂപ്രണ്ട് ഡോ.സുനിൽകുമാറിന്റെ നേതൃത്വത്തിലാണ് ചികിത്സയ്ക്കപ്പുറമുള്ള മാറ്റങ്ങൾ ഇവിടേക്ക് എത്തിച്ചത്.

ആശുപത്രിയിൽ സ്ഥാപിച്ച ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ വിപുലമാക്കും. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് പ്രവ‌ർത്തന സമയം. ആശുപത്രി ജീവനക്കാരെയും സംസ്കൃതി കൾച്ചറൽ സൊസൈറ്റി പ്രവർത്തകരെയും പുസ്തക വിതരണത്തിനായി നിയോഗിക്കും. മികച്ച പുസ്തകങ്ങളുടെ ശേഖരവും ദിനപത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും ലൈബ്രറിയിൽ എത്തിക്കും. ജനകീയ ഗ്രന്ഥശാലയാക്കി മാറ്റുകയാണ് ലക്ഷ്യം. ആശുപത്രി സൂപ്രണ്ടും എച്ച്.എം.സിയും വലിയ പരിഗണനയാണ് നൽകുന്നത്.

ഡോ.ഒ.വാസുദേവൻ, സർജൻ,

നോഡൽ ഓഫീസർ,

താലൂക്ക് ആശുപത്രി ലൈബ്രറി.