കൊല്ലം: എസ്.എൻ കോളേജിലെ എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിന്റെ ഓഫീസിന് സമീപം സ്ഥാപിച്ച 'കോർണർ' എസ്.എൻ.ഡി.പി യോഗത്തിന്റെയും എസ്.എൻ ട്രസ്റ്റിന്റെയും നേതാക്കളെത്തി പൊളിച്ചുനീക്കി.
കഴിഞ്ഞ തിങ്കളാഴ്ച യോഗം, ട്രസ്റ്റ് പ്രവർത്തകർ പൊളിച്ചുനീക്കിയവ വീണ്ടും പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഒരുക്കിയ ഇരിപ്പിടങ്ങളാണ് ഇന്നലെ വീണ്ടും നീക്കിയത്.
ഇന്നലെ വൈകിട്ട് ആറോടെയാണ് 50 ഓളം വരുന്ന യോഗം ട്രസ്റ്റ് പ്രവർത്തകരെത്തി അനധികൃതമായി സ്ഥാപിച്ച ഇരിപ്പിടം നീക്കിയത്. കല്ലുകൾ അടുക്കിയ ശേഷം ഇരുമ്പ് പൈപ്പ് നിരത്തിയാണ് ഇരിപ്പിടം തയ്യാറാക്കിയിരുന്നത്. ഇവിടം കേന്ദ്രീകരിച്ച് നേരത്തെ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തി പണപ്പിരിവ് നടത്തിയിരുന്നതായി പരാതിയുണ്ട്. കോളേജിൽ സമാധാന അന്തരീക്ഷം ഉറപ്പാക്കാനായി രൂപീകരിച്ച കോളേജ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിലും നിരീക്ഷണം നടത്തും.
നിങ്ങൾ വെറും തൊഴിലാളിയെന്ന്
പ്രിൻസിപ്പലിനോട് ആക്രോശം
യോഗം, ട്രസ്റ്റ് പ്രവർത്തകർ തിങ്കളാഴ്ച പൊളിച്ചുനീക്കിയ ഇരിപ്പിടങ്ങൾ ഇന്നലെ ഉച്ചയോടെ പുനഃസ്ഥാപിക്കാനുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ ശ്രമം പ്രിൻസിപ്പലും അദ്ധ്യാപകരും തടയാൻ ശ്രമിച്ചിരുന്നു. അപ്പോൾ നിങ്ങൾ വെറും തൊഴിലാളിയാണ്, ഞങ്ങളോടൊന്നും പറയേണ്ടെന്നായിരുന്നു ചില വിദ്യാർത്ഥികളുടെ ആക്രോശം. ഇനി ഇത്തരത്തിൽ അനധികൃതമായി ഇരിപ്പിടങ്ങൾ സ്ഥാപിക്കുന്നവർക്കെതിരെയും ആനാവശ്യമായി കൂട്ടം കൂടുന്നവർക്കെതിരെയും പൊലീസിൽ പരാതി നൽകാനാണ് തീരുമാനം.
കോളേജിനുള്ളിൽ കഞ്ചാവ്
കഴിഞ്ഞ ദിവസം കോളേജിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ കഞ്ചാവ് ചെടി കണ്ടെത്തി. വിദ്യാർത്ഥി സംഘടനാ പ്രവർത്തകർ സംഘടിച്ച് നിൽക്കുന്ന ഭാഗത്താണ് ചെടി നിന്നത്. ബോട്ടണി വകുപ്പിലേക്ക് മാറ്റിയ ഈ ചെടി എക്സൈസിന് കൈമാറും.
ഇഗ്നോ സെന്റർ മാറ്റും
ഇപ്പോൾ കോളേജിനുള്ളിൽ പ്രവർത്തിക്കുന്ന ഇഗ്നോ സെന്റർ നേരത്തെ സ്വകാര്യ ബാങ്ക് പ്രവർത്തിച്ചിരുന്ന ഓഡിറ്റോറിയത്തിന് സമീപത്തെ കെട്ടിടത്തിലേക്ക് മാറ്റും. ഇഗ്നോ സെന്ററിലേക്കെന്ന വ്യാജേന പുറത്ത് നിന്നുള്ളവർ പ്രവേശിക്കുന്ന സാഹചര്യത്തിലാണ് നടപടി. കോളേജിന്റെ മേൽനോട്ടത്തിനായി ആർ.ഡി.സി ഓഫീസ് കോളേജിനുള്ളിൽ ആരംഭിക്കും. യോഗത്തിന്റെയും ട്രസ്റ്റിന്റെയും പ്രവർത്തകർ കോളേജിൽ സ്ഥിരമായി ഉണ്ടാകും.